നമ്മള്‍ പറ്റിക്കപ്പെടുന്നതെങ്ങനെ. അത് നമ്മുടെ കഴിവില്ലായ്മ കൊണ്ടു തന്നെയാണെന്നേ പറയാനാകൂ. പറ്റിക്കപ്പെടാന്‍ നിന്നു കൊടുക്കാതിരിക്കുക എന്ന പ്രാഥമിക പാഠം മനസ്സിലാക്കാതെയാണ് കേരള സര്‍ക്കാരിന്റെ പോക്ക്. നോക്കൂ, ഒരോ തട്ടിപ്പുകളും മാധ്യമങ്ങള്‍ വഴിയാണ് പുറത്തറിയുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണം തുടങ്ങിയിട്ട് എത്ര തട്ടിപ്പുകളും, നിയമപരമല്ലാത്തതും, വെട്ടിപ്പുകളുമാണ് കണ്ടെത്തിയത്. വെളിച്ചം കണ്ടതെന്നു പറയുന്നതാകും സത്യം. ഇതില്‍ തെളിയിക്കപ്പെടാത്ത, എന്നാല്‍, വസ്തുതാപരമായി നടപടി എടുത്ത ആരോപണങ്ങള്‍ വരെയുണ്ട്. അതിനുദാഹരണമാണ് മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവ് ശിവശങ്കറിന്റെ സ്വര്‍ണ്ണക്കടത്തിലെ അറസ്റ്റും സംഭവവികാസങ്ങളും.
ഇപ്പോഴിതാ കോടികള്‍ മാസംതോറും ക്ഷേമപെന്‍ഷനെന്ന പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ കൈപ്പറ്റി ജീവിക്കുന്നു എന്നതാണ് ഞെട്ടിച്ചിരിക്കുന്നത്. സര്‍ക്കാരിനെ പറ്റിച്ച് ഖജനാവ് കൊള്ളയടിക്കുന്നവര്‍ ജനങ്ങളെയാണ് കബളിപ്പിക്കുന്നത്. എന്നാല്‍, ജനങ്ങളുടെ നികുതിപ്പണത്തെ സംരക്ഷിക്കാനും വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത് നിയോഗിച്ച സര്‍ക്കാര്‍ നവോക്കുകുത്തിയാകുന്നതാണ് പ്രധാനപ്രശ്‌നം. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷ മങ്ങിപ്പോയിരിക്കുന്നു. വരുമാനം വദ്ധിക്കാതെ വിലക്കയറ്റത്തെ നേരിടാന്‍ പെടാപാടു പെടുമ്പോള്‍ സര്‍ക്കാര്‍ എന്തുചെയ്യുന്നു എന്നത് വലിയ ചോദ്യമാണ്.
ഓരോ ഫയലുകളും ഒരോ ജീവിതങ്ങളാണെന്നു പറഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന് ഖജനാവ് ചോരുന്നത് എങ്ങനെയൊക്കെയാണെന്ന് കണ്ടെത്താന്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലംവരെ കാത്തിരിക്കേണ്ട വന്നു എന്നതാണ് സത്യം. സ്വയം പറ്റിക്കപ്പെടാന്‍ നിന്നു കൊടുക്കുകയോ, പറ്റിക്കലിന് വഴിയൊരുക്കി കൊടുക്കുകയോ ചെയ്തതു കൊണ്ടാണ് ഈ ഗതി വന്നത്. തദ്ദേശ വകുപ്പ് വഴിയാണ് ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തുന്നത്. ആ തദ്ദേശ വകുപ്പ് ഭരിക്കുന്ന മന്ത്രി എം.ബി രാജേഷ് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നീല ട്രോളി ബാഗില്‍ പണം കൊണ്ടുവന്നുവെന്ന ദുരാരോപണത്തെ മുറുകെ പിടിച്ച് നടത്തിയ കോലാഹലങ്ങള്‍ മറന്നിട്ടില്ല.
ഇടതുപക്ഷത്തിന്റെ പൊറാട്ടു നാടകത്തിന് പാലക്കാടുകാര്‍ അടിച്ചോടിക്കുകയും ചെയ്തു. പാലക്കാട് വ്യാജ ആരോപണത്തെ മുറുകെ പിടിക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവിലൂടെ കോടികള്‍ ക്ഷേമ പെന്‍ഷന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ അടിച്ചു മാറ്റുകയായിരുന്നു. അതും തദ്ദേശ വകുപ്പിലൂടെ. ഇതിലും വലിയ കെടുകാര്യസ്ഥത ചൂണ്ടിക്കാണിക്കാനില്ല. അഭയകൂടാരങ്ങളെല്ലാം നഷ്ടപ്പെട്ട നിരാലംബര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിച്ചക്കാശാണ് കൈയ്യിട്ടു വാരിയത്. അതിന് വഴിയൊരുക്കിയ സര്‍ക്കാരാണ് ആദ്യം ശിക്ഷ ഏറ്റു വാങ്ങേണ്ടത്. ജനങ്ങളുടെ സമ്പത്തിന് സുരക്ഷിതത്വം നല്‍കാനായില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരപു ജനകീയ സര്‍ക്കാര്‍.
അപ്പോഴും സര്‍ക്കാര്‍ തലത്തില്‍ ധനവകുപ്പും തദ്ദേശ വകുപ്പും പൊറാട്ടു നാടകം നടത്തുകയാണ് പരിപാടി. ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് അവസാനിപ്പിക്കാന്‍ മൊബൈല്‍ ആപ്പ് കൊണ്ടു വരികയാണ്. പെന്‍ഷന്‍ നേരിട്ട് വിതരണം ചെയ്യുന്നതിലൂടെയുള്ള തട്ടിപ്പ് തടയാനാണ് ആപ്പ്. നേരിട്ട് പെന്‍ഷന്‍ വിതരണം ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തി ആപ്പില്‍ അപ്‌ലോഡ് ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ധനവകുപ്പ് തീരുമാനം തദ്ദേശ വകപ്പുമായി ആലോചിച്ച് നടപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണിത്. സര്‍ക്കാര്‍ ജീവനക്കാരും, പെന്‍ഷന്‍കാരും, താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടുന്ന 9201 പേര്‍ സര്‍ക്കാരിനെ കബിളിപ്പിച്ച് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തെന്നായിരുന്ന സി&എജിയുടെ കണ്ടെത്തല്‍.
എന്നാല്‍ ധനവകുപ്പിന്റെ കണ്ടെത്തലില്‍ ഇത് 1500ന് താഴെയായി. ഇതില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ വരെയുണ്ട്. ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വകുപ്പ് തല നടപടികളിലേയ്ക്ക് വേഗത്തില്‍ കടക്കാനാണ് വകുപ്പുകളുടെ തീരുമാനം. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് ധനവകുപ്പ് കൈമാറും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. വൈകി ഉദിച്ച സര്‍ക്കാര്‍ ബുദ്ധിയില്‍ ഇത്രയെങ്കിലും കണ്ടെത്തിയല്ലോ എന്നാണ് ആശ്വാസം. സമാന രീതിയിലാണ് ഓരോ വകുപ്പുകളിലും തട്ടിപ്പും വെട്ടിപ്പും കൊള്ളയും നടക്കുന്നത്. ഇത്തരം ചോര്‍ച്ചകള്‍ അടയ്ക്കാതെ ഖജനാവ് സുരക്ഷിതമാകില്ല. ഇതോടൊപ്പമാണ് ചോര്‍ച്ചയുടെ മറ്റൊരു സാധ്യത കൂടി ധനവകുപ്പ് അടയ്ക്കുന്നത്.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താവ് മരണപ്പെട്ട ശേഷമുള്ള പെന്‍ഷന്‍ തുകയ്ക്ക് അവകാശികള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല എന്ന് ധനവകുപ്പിന്റെ സര്‍ക്കുലര്‍. ഇത് സംബന്ധിച്ച് നവംബര്‍ 22ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ക്ഷേമ പെന്‍ഷന്‍ നിലവില്‍ 4 ഗഡുക്കള്‍ കുടിശികയാണ്. സര്‍ക്കാരിന്റെ അനാസ്ഥ കാരണമാണ് ക്ഷേമ പെന്‍ഷന്‍ കുടിശിക ആയത്. അതിലുള്ളൊരു സാങ്കേതിക പ്രശ്‌നം മനസ്സിലാക്കണം. ക്ഷേമ പെന്‍ഷന്റെ അര്‍ഹതയുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ പെന്‍ഷന്‍ മുടങ്ങിയിട്ടുണ്ടെങ്കില്‍ പിന്നീട് അര്‍ഹര്‍ മരിച്ചു പോയാല്‍ അതിന്റെ ഉത്തരവാദി സര്‍ക്കാരാണ്. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന ആള്‍ മരണപ്പെട്ടാല്‍ കുടിശികയ്ക്ക് അവകാശമുണ്ടെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതിന് വ്യക്തത വരുത്തിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ആ സര്‍ക്കുലറില്‍ പറയുന്നത് ഇങ്ങനെയാണ്;
‘സമൂഹത്തിലെ അശരണരും നിരാലംബരുമായവര്‍ക്ക് ഒരു കൈതാങ്ങ് സഹായം എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കി വരുന്നത്. മരണശേഷം ടി സഹായത്തിന് പ്രസക്തിയില്ല. ആയതിനാല്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താവ് മരണപ്പെട്ട ശേഷം സര്‍ക്കാര്‍ അനുവദിക്കുന്ന പെന്‍ഷന്‍, കുടിശിക തുകക്ക് അനന്തരവകാശികള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല”. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. ക്ഷേമ പെന്‍ഷന്‍ എല്ലാ മാസവും കൃത്യമായി കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയല്ലേ? നാല് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക ആയതോടുകൂടി 6400 രൂപ വീതം ഓരോ ക്ഷേമപെന്‍ഷന്‍കാരനും ലഭിക്കാനുണ്ട്. ക്ഷേമ പെന്‍ഷന്‍കാരന്‍ മരണപ്പെട്ടാല്‍ ഈ സര്‍ക്കുലര്‍ പ്രകാരം 6400 രൂപ സര്‍ക്കാര്‍ കൊടുക്കണ്ട.’
എന്നാല്‍, എം.ബി രാജേഷിന്റെ തദ്ദേശ വകുപ്പിന്റെ വീഴ്ചയ്ക്ക് എന്തു നടപടിയണ് എടുക്കുന്നത്. സാമൂഹിക സുരക്ഷാപെന്‍ഷന്‍ വാങ്ങുന്നവരിലെ അനര്‍ഹരെ കണ്ടെത്തുന്നതിനായി സോഷ്യല്‍ ഓഡിറ്റിംഗ് നടത്തണമെന്ന ധനവകുപ്പിന്റെ തുടര്‍ച്ചയായ നിര്‍ദേശം തദ്ദേശ വകുപ്പ് അവഗണിച്ചതാണു കോടികളുടെ സാമ്പത്തിക നഷ്ടം സംസ്ഥാന ഖജനാവിനു സൃഷ്ടിച്ചതെന്നാണു വിലയിരുത്തല്‍. സോഷ്യല്‍ ഓഡിറ്റിംഗ് വേണമെന്ന ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി അവഗണിച്ചതിനു പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് 30ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങു ന്നവരിലെ അനര്‍ഹരെ കണ്ടെത്താന്‍ സോഷ്യല്‍ ഓഡിറ്റിംഗ് വേണമെന്ന ധനവകുപ്പിന്റെ തുടര്‍ച്ചയായ നിര്‍ദേശം തദ്ദേശ വകുപ്പു നടപ്പാക്കിയില്ല.
സാമൂഹിക സുരക്ഷാ- ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടിക സേവന പോര്‍ട്ടലില്‍ പ്രസിദ്ധീ കരിക്കണമെന്നായിരുന്നു ധന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ഇതും തദ്ദേശ വകുപ്പ് നടപ്പാക്കിയില്ല. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സോഫ്റ്റുവെയറായ സേവനയില്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കില്‍ ലക്ഷക്കണക്കിന് അനര്‍ഹരെ ഒഴിവാക്കാനാകുമെന്നായിരുന്നു വിലയിരുത്തല്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സര്‍ക്കാര്‍- പൊതുമേഖലാ ജീവനക്കാര്‍ അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നും ഇതു തടയണമെന്നും കൈപ്പറ്റിയ തുക തിരിച്ചടയ്ക്കാന്‍ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ധനവകുപ്പ്, തദ്ദേശ വകുപ്പിനു കത്തു നല്‍കിയിരുന്നു.
2020 ജനുവരി 23നാണ് സര്‍ക്കാര്‍ ഉദ്യോഗ സ്ഥര്‍ അനര്‍ഹമായി കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കാന്‍ സംവിധാ നം ഒരുക്കണമെന്നു നിര്‍ദേശിച്ച് ധനവകുപ്പ് എല്ലാ വകുപ്പു മേധാവികള്‍ക്കും സര്‍ക്കുലറിലൂടെ ആദ്യ നിര്‍ദേശം നല്‍കിയത്. ആരൊക്കെയാണ് അര്‍ഹരെന്നും അനര്‍ഹരായവരുടെ വരുമാന പരിധി അടക്കമുള്ള വിവരങ്ങളും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. സര്‍വകലാശാലകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്ന കാര്യം സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. പിന്നീ ട് തുടര്‍ച്ചയായി വിവിധ വകുപ്പു മേധാവികള്‍ക്കും തദ്ദേശ സ്ഥാപന അധികൃതര്‍ക്കും സര്‍ക്കുലറായും കത്തുകള്‍ വഴിയും നിര്‍ദേശം നല്‍കിയിട്ടും പാലിക്കാത്തതാണു പ്രതിസന്ധി അതി രൂക്ഷമാക്കിയത്.
CONTENT HIGHLIGHTS; How does the coffers leak?: Leaking coffers as they are discovered; How many crores were leaked through the welfare pension purchased by Anarhar?; Drama again with powder hand to cover the failure of the local department?; Star is a new ‘app’