നമ്മുടെ നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവാക്കുന്നത് ഫോണിലാണ് , അതിൽ തന്നെ വിരസത ഒഴിവാക്കാനായി ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും ട്രെന്‍ഡിംഗായ റീലുകള്‍ ഫോണിൽ പതിവായി സ്‌ക്രോള്‍ ചെയ്യുന്നവരാണോ നിങ്ങള്‍? അതെ എന്നാണ് ഉത്തരമെങ്കില്‍ ഓക്‌സ്‌ഫഡ് നിഘണ്ടു ഈ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുക്കപ്പെട്ട വാക്കായ ‘ബ്രെയിന്‍ റോട്ട്’(Brain rot) എന്ന അവസ്ഥയിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നത്. ഓക്‌സ്‌ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ പ്രസാധകരായ ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് ശേഖരിച്ച ഈ വർഷത്തെ പ്രശസ്തമായ ആറ് വാക്കുകളുടെ ചുരുക്കപ്പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ബ്രെയിന്‍ റോട്ട് നേടിയെടുത്തത്. 37,000 വോട്ടുകളാണ് ബ്രെയിന്‍ റോട്ടിന് ലഭിച്ചത്.
ഇനി എന്താണ് ബ്രെയിന്‍ റോട്ട് എന്ന് നോക്കാം , ഒരു വ്യക്തിയുടെ മാനസികമോ ബൗദ്ധികമോ ആയ അവസ്ഥയുടെ അപചയമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യേകിച്ച്, നിസ്സാരമോ വെല്ലുവിളി കുറഞ്ഞതോ ആയി കണക്കാക്കപ്പെടുന്ന വസ്തുക്കളുടെ (നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഉള്ളടക്കം) അമിത ഉപഭോഗത്തിന്റെ ഫലമായാണ് ഇത് കാണുന്നത്. ലളിതമായി പറഞ്ഞാല്‍, ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിന്റെ- ഗുണനിലവാരം കുറഞ്ഞതും ബുദ്ധിശൂന്യവുമായ ഉള്ളടക്കം കാണുന്നതിന്റെയും- പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നതിന്റെ ഫലമായുമാണ് ഇത് സംഭവിക്കുന്നത്. ഇത് അനുഭവിക്കുന്ന ആളുകള്‍ പലപ്പോഴും അവരുടെ ദൈനംദിനം പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ ലെന്‍സിലൂടെ അരിച്ചെടുക്കുകയാണ് ചെയ്യുന്നതെന്ന് യുഎസിലെ ഡിജിറ്റല്‍ വെല്‍നസ് ലാബിലെ ശിശുരോഗ വിദഗ്ധനും സ്ഥാപകനുമായ ഡോ. മൈക്കിള്‍ റിച്ച് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
അവര്‍ ആശയവിനിമയം നടത്തുന്നതിനെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നെന്നും ഡോക്ടർ പറയുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബ്രെയിന്‍ റോട്ട് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 1854ല്‍ ഹെന്റി ഡോവിഡ് തോറോ തന്റെ ‘വാള്‍ടന്‍’ (Walden) എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. സമീപകാലത്ത് ടിക് ടോക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സമൂഹമാധ്യമങ്ങളിലും മൊബൈലിലും ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നതിനെതിരായ വിമർശനങ്ങളിലൂടെയാണ് ഈ വാക്ക് വീണ്ടും ശ്രദ്ധ പിടിച്ചു പറ്റിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 230 ശതമാനം ഈ വാക്കിന്‍റെ ഉപയോഗത്തിൽ വർധനവുണ്ടായതായാണ് കണക്കുകൾ.