കാന്‍സര്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിന് കൃത്യമായ മറുപടി നല്‍കാനാവില്ല. എങ്കിലും കാന്‍സര്‍ രോഗത്തിനു പ്രധാന കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ്. ആഹാരപദാര്‍ഥങ്ങളിലടങ്ങിയിരിക്കുന്ന രാവസ്തുക്കള്‍, പുകയില ഉത്പന്നങ്ങളുടെ അമിതോപയോഗം, പുകവലി എന്നിവയൊക്കെയും കാന്‍സര്‍ വരാനുള്ള കാരണമാണ്.
പല വൈറസുകളും കാന്‍സറിനു കാരണമായിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനു കാരണമാകുന്ന വൈറസ് ലിവര്‍ കാന്‍സര്‍ ഉണ്ടാക്കുന്നു. ഹ്യൂമണ്‍ പാപ്പിലോമ വൈറസ്, എപ്സ്റ്റീന്‍ ബാര്‍ വൈറസ് എന്നിവയും കാന്‍സറിന് കാരണമാകുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പാപ്പിലോമ വൈറസിനെതിരെ വാക്‌സിനുകളും ലഭ്യമാണ്.
അണുവികിരണം മൂലം കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. കാന്‍സറിന് പാരമ്പര്യഘടകം വെറും അഞ്ചു മുതല്‍ പത്ത് ശതമാനം വരെ മാത്രമാണ്. അതുകൊണ്ടുതന്നെ എല്ലാ കാന്‍സറുകളും പാരമ്പര്യമായി ഉണ്ടാകാം എന്ന് ഒരു കാരണമായി പറയാന്‍ കഴിയില്ല.
ശരീരത്തിലെ ചില കോശങ്ങള്‍ അമിതമായും അനിയന്ത്രിതമായും പെരുകി ആ ഭാഗത്തെ അവയവങ്ങളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന അവസ്ഥയാണ് കാന്‍സര്‍. ഇത്തരം കോശങ്ങളെ കാന്‍സര്‍ കോശങ്ങള്‍ എന്നു പറയുന്നു. കാന്‍സര്‍ കോശങ്ങള്‍ നശിക്കുകയില്ല. അത് സമീപത്തെ നല്ല കോശങ്ങളെ നശിപ്പിക്കുകയും ഈ കോശങ്ങള്‍ രക്തത്തിലൂടെയും ലസികാ വ്യൂഹത്തിലൂടെയും ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് എത്തി രോഗം വ്യാപിക്കുകയും ചെയ്യാം.
കാന്‍സറുണ്ടെന്ന് കണ്ടെത്തിയാല്‍ അതിന്റെ സ്റ്റേജ് നിര്‍ണയിക്കുകയാണ് ആദ്യം ചെയ്യുന്നത്. പ്രൈമറി സ്റ്റേജ് കാന്‍സറിന്റെ ആരംഭഘട്ടമാണ്. ചെറിയ മുഴകളായി ഒരിടത്തു മാത്രം കാന്‍സര്‍ രൂപപ്പെട്ടു വരുന്നത് ഈ ഘട്ടത്തിലാണ്. രോഗം മറ്റുള്ള അവയവങ്ങളിലേക്ക് വ്യാപിക്കുന്നതനുസരിച്ച് കാന്‍സറിന്റെ സ്റ്റേജുകള്‍ വ്യത്യാസപ്പെട്ടിരിക്കും.
കാന്‍സര്‍ എന്നാല്‍ ഒരൊറ്റ രോഗമല്ല. കാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ ഏതു ഭാഗത്തും പെരുകാം. അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകള്‍ക്ക് സോളിഡ് ട്യൂമറുകളെന്നും രക്താണുക്കളെയോ, അസ്ഥിമജ്ജയോ, ലിംഫാറ്റിക് വ്യവസ്ഥയേയോ ബാധിക്കുന്ന കാന്‍സറുകളെ പൊതുവെ ഹെമറ്റോളജിക്കല്‍ നിയോപ്ലാസം എന്നും പറയുന്നു.
പ്രതിരോധിക്കാന്‍ മരുന്നുകള്‍ ഇല്ല, പ്രതിരോധിക്കാന്‍ പ്രത്യേക മാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തുക എന്നതാണ്. ഏറ്റവും പ്രധാനം. ശുചിയായ ആഹാരം, മലിനമല്ലാത്ത വായു, ജലം. വാക്‌സിനേഷന്‍ കൃത്യസമയത്ത് എടുക്കല്‍ എന്നിവയെല്ലാം രോഗം വരാതെ നോക്കാനുള്ള ചില മാര്‍ഗങ്ങളാണ്. പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങളില്‍ നിന്ന് മാറിനില്‍ക്കണം.
രോഗത്തിന്റെ ഘട്ടമനുസരിച്ചാണ് ഏതു ചികിത്സാരീതി വേണമെന്ന് തീരുമാനിക്കുക. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി, ടാര്‍ജറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി എന്നിവയാണ് പ്രധാന ചികിത്സാ രീതികള്‍.
സ്തനാര്‍ബുദം പ്രാരംഭഘട്ടങ്ങളില്‍തന്നെ തിരിച്ചറിയുകയാണെങ്കില്‍ മുഴകളായി രൂപപ്പെടുന്ന അവസ്ഥയില്‍ തന്നെ ശസ്ത്രക്രിയയിലൂടെ അവയെ നീക്കം ചെയ്യാന്‍ സാധിക്കും.
മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് കീമോ തെറാപ്പി. വായിലൂടെ ഗുളികരൂപത്തില്‍ നല്‍കാന്‍ കഴിയുന്ന മരുന്നുകളും മരുന്നു നേരിട്ട് രക്തത്തിലേക്കു നല്‍കുന്നവയും കീമോതെറാപ്പിയില്‍പ്പെടുന്നു. കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനുള്ള അനുബന്ധമരുന്നുകളും ഇപ്പോള്‍ ലഭ്യമാണ്.
ടാര്‍ജറ്റഡ് തെറാപ്പിക്ക് പൊതുവെ പാര്‍ശ്വഫലങ്ങള്‍ കുറവാണ്. കാന്‍സര്‍ കോശത്തെ വിശദമായി മനസിലാക്കി മോളിക്യുലാര്‍ ടെസ്റ്റ്, ജനിതക എന്‍ജിനീയറിങ് എന്നിവയിലൂടെ രോഗകാരിയെ പ്രതിരോധിക്കുന്ന രീതിയാണിത്. ഇമ്മ്യൂണോ തെറാപ്പിയില്‍ രോഗിയുടെ തന്നെ പ്രതിരോധ കോശങ്ങളെ കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ ബലവത്താക്കുന്ന നൂതന ചികിത്സാ രീതിയാണ് ഉള്‍പ്പെടുന്നത്. സമീപ കാലങ്ങളില്‍ ഈ ചികിത്സാ രീതിയാവും കൂടുതല്‍ മുന്നോട്ടുപോവുക. കാന്‍സര്‍ ബാധിച്ചിരിക്കുന്നഭാഗത്തേക്ക് മാത്രമായി നിയന്ത്രിതമായി റേഡിയോ ആക്ടീവ് വികിരണങ്ങള്‍ കടത്തിവിട്ട് കാന്‍സര്‍ കോശങ്ങളെ മാത്രം നശിപ്പിക്കുന്ന പ്രക്രിയയാണ് റേഡിയോ തെറാപ്പി.