ആനകളെ എഴുന്നള്ളിക്കുന്നതിൽ ഹൈക്കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിന്റെ പേരിൽ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം ഉത്സവ കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്. ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനിടെ ആനകളെ എഴുന്നള്ളിച്ചപ്പോൾ 3 മീറ്റർ അകലം പാലിച്ചില്ല എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് കേസ്. നാട്ടാനകളുടെ പരിപാലന ചുമതല വഹിക്കുന്ന വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമം, നാട്ടാന പരിപാലന ചട്ടം എന്നിവ പ്രകാരം കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി, വൃശ്ചികോത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവർക്കെതിരെയാണ് കേസ്. ഉത്സവം ആരംഭിച്ച നവംബർ 29ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിലെത്തി ആനകളെ നിർത്തേണ്ട ഇടവും മറ്റും പരിശോധിച്ചിരുന്നു.
ഹൈക്കോടതി മാനദണ്ഡങ്ങൾ അനുസരിച്ചു തന്നെയായിരിക്കും ആനകളെ എഴുന്നള്ളിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന ശീവേലിയിൽ 2 നിരയായാണ് 15 ആനകളേയും മാനദണ്ഡങ്ങള്‍ അനുസരിച്ച് എഴുന്നള്ളിച്ചത്. എന്നാൽ ഇന്നലെ രാത്രി നടന്ന തൃക്കേട്ട പുറപ്പാട് ചടങ്ങിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ആനകൾ തമ്മിൽ 3 മീറ്റർ അകലം പാലിച്ചില്ല, ആനകളും ജനങ്ങളും തമ്മില്‍ 8 മീറ്റർ അകലമെന്ന നിർദേശം പാലിച്ചില്ല, തീവെട്ടി 5 മീറ്റർ അകലെയായിരിക്കണമെന്ന നിർദേശം പാലിക്കാതെ ആനയുടെ അടുത്ത് കൊണ്ടുപോയി തുടങ്ങിയ കാര്യങ്ങളാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
STORY HIGHLIGHT: thrippunithura temple festival elephant guidelines violation