സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച ശിക്ഷ അനുഭവിച്ച് അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദല്‍. ശിക്ഷയുടെ ഭാഗമായി അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിനുമുന്നില്‍ വീല്‍ചെയറില്‍ കുന്തവും പിടിച്ച് കാവലിരിക്കുന്ന ബാദലിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം രണ്ടു ദിവസംകാവല് നില്‍ക്കണം, കഴുത്തില്‍ പ്ലക്കാഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം. കൂടാതെ ഒരുമണിക്കൂര്‍ കീര്‍ത്തനങ്ങളും ആലപിക്കണം തുടങ്ങിയ ശിക്ഷകളായിരുന്നു അകാല്‍ തഖ്ത് ബാദലിനുമേല്‍ ചുമത്തിയത്. ബാദലിന്റെ ഭാര്യാസഹോദരനും അകാലിദള്‍ നേതാവുമായിരുന്ന ബിക്രം സിങ് മജിത്യക്കും അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിട്ടുണ്ട്. സുവര്‍ണക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ കഴുകി വൃത്തിയാക്കാനാണ് ബിക്രം സിങ്ങിന് നൽകിയിരിക്കുന്ന ശിക്ഷ. കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് ബാദല്‍ മാപ്പ് അപേക്ഷിച്ചിരുന്നു.
ബാദലിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന പ്രകാശ് സിങ് ബാദലിന് സിഖ് സമൂഹത്തിന്റെ അഭിമാനം എന്ന നിലയില്‍ നല്കിയ ഫഖ് ര്‍ ഇ ക്വാം ബഹുമതി എടുത്തുകളയാനും തീരുമാനിച്ചിരുന്നു. 2007- 2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിനെ ശിക്ഷിച്ചത്.
STORY HIGHLIGHT: sukhbir badal serves punishment at golden temple