കേരളത്തിന്റെ ഏഴില്‍ ഒന്ന് ജനസംഖ്യ മാത്രമുള്ള അതി സുന്ദരമായ ഒരു ചെറിയ രാജ്യമാണിത്. വടക്കന്‍ യൂറോപ്പില്‍ ആര്‍ട്ടിക്കിന് അടുത്ത് കിടക്കുന്ന നോര്‍ഡിക് രാജ്യമാണ്. സ്വീഡന്, നോര്‍വേ, റഷ്യ, എസ്റ്റോണിയ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്റിലെ ഔദ്യോഗിക ഭാഷകള്‍ ഫിന്നിഷും സ്വീഡിഷുമാണ്. യൂറോപ്പില്‍ സാമാന്യം വലിപ്പമുള്ള രാജ്യങ്ങളില്‍ ഒന്നായ ഫിന്‍ലന്റില്‍ കേവലം 55 ലക്ഷം മാത്രമാണ് ജനസംഖ്യ. ഇന്ത്യയേക്കാള്‍ രണ്ടര മണിക്കൂര്‍ സമയ സൂചിക പിറകില്‍ നില്ക്കുന്ന ഫിന്‍ലണ്ടിന്റെ ഔദ്യോഗിക കറന്‍സി യൂറോ ആണ്. എളിമയും സൗഹാര്‍ദ്ദവും കാത്തു സൂക്ഷിക്കുന്ന ജനത, അതാണ് ഫിന്നിഷ്. ഫിന്‍ലാന്റിലെ പ്രധാന 10 കാര്യങ്ങളെ പരിചയപ്പെടുത്താം.
യൂറോപ്പിലെ താരതമ്യേന പാവപ്പെട്ട ഒരു രാജ്യമായിരുന്നു നാല്പത് വര്‍ഷം മുന്‍പ് വരെ ഫിന്‍ലാന്റ്. കുറെ നാള് സ്വീഡനും പിന്നെ റഷ്യയും ഒക്കെ കയ്യടക്കി വച്ചിരുന്ന സ്ഥലമായിരുന്നു. പക്ഷെ ഇന്ന് സ്ഥിതി അങ്ങനെയല്ല, ഇന്ന് വികസിതവും സമ്പന്ന രാജ്യവുമാണ് ഫിന്‍ലന്റ്. വ്യാവസായികമായി വന്‍ പുരോഗതി കൈവരിച്ചു. ജനങ്ങളുടെ പുരോഗതിയുടെ ഏതു അളവ് കോല് എടുത്താലും, ഈ രാജ്യം ലോക രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 5 സ്ഥാനങ്ങളില്‍ ഒന്നായിരിക്കും. ലോകത്തിലെ അഴിമതി രഹിത രാജ്യങ്ങളില്‍ ഒന്നാം സ്ഥാനമാണ് ഫിന്‍ലന്‍ഡ്. ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള ഈ രാജ്യം ഇന്ന് ലോകരാജ്യങ്ങളില്‍ ഏറ്റവും നല്ല ജീവിത നിലവാരവും, ഏറ്റവും മികച്ച വിദ്യാഭ്യാസവും, ചികിത്സയും, പെന്‍ഷനും പൗരന്മാര്ക്ക് നല്കുന്ന രാജ്യമാണ്. മാത്രവുമല്ല തൊഴില്‍ ഇല്ലാത്തവര്‍ക്ക് മാസംതോറും 587 ഡോളര്‍ കൊടുക്കുന്ന പദ്ധതിയും ഗവണ്മെന്റ് അടുത്തിടെ തുടങ്ങി.
2021-ലെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം 149 രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലന്‍ഡിനാണ്. വടക്കന്‍ യൂറോപ്പിലെ കൊച്ചുരാജ്യമായ ഫിന്‍ലന്‍ഡ് സൗകര്യങ്ങളുടെ കാര്യത്തിലും ജീവിത നിലവാരത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലാണ് ഫിന്‍ലന്‍ഡ്. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നഭൂമിയാണിവിടം.
ഏതു കാലാവസ്ഥയിലും അതിസുന്ദരമായൊരിടം കൂടിയാണ് ഫിന്‍ലന്‍ഡ്. ഈ രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറന്‍ മേഖലയില്‍ തിരക്കു കുറഞ്ഞ ബീച്ചുകളും ദ്വീപുകളും ഉണ്ട്. ദ്വീപസമൂഹത്തില്‍ മരം കൊണ്ടുള്ള വീടുകള്‍, മീന്‍പിടുത്ത ഗ്രാമങ്ങള്‍, പ്രാദേശിക ഭക്ഷ്യ വിപണികള്‍, കരകൗശല വിദഗ്ധരുടെ സ്റ്റുഡിയോകള്‍, പൂന്തോട്ടങ്ങള്‍ എന്നിങ്ങനെ വിനോദസഞ്ചാരികള്‍ക്കായി ധാരാളം കാഴ്ചകളുണ്ട്. ഫിന്‍ലന്‍ഡിലെ മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ഹെല്‍സിങ്കി. ഫിന്‍ലന്‍ഡിന്റെ തലസ്ഥാനം കൂടിയായ ഈ മനോഹരയിടം, ഫിന്നിഷ് ഡിസൈനില്‍ പണിയുയര്‍ത്തിയ റസ്റ്ററന്റുകള്‍, ബാറുകള്‍, മികച്ച ഷോപ്പിങ് കേന്ദ്രങ്ങള്‍ എന്നിവയെല്ലാം കൊണ്ട് സഞ്ചാരികളെ വീണ്ടും ഇവിടേക്കു യാത്ര നടത്താന്‍ പ്രേരിപ്പിക്കും.