വിപണി വിലയേക്കാളും കുറഞ്ഞ വിലയ്ക്ക് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് നടത്തിയ ഭൂമി വില്പന റദ്ദാക്കി സുപ്രീം കോടതി. ഭൂമി വില്പനയില് മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പങ്ക് സംശയാസ്പദമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സിപിഎം എടപ്പാള്‍ ലോക്കല്‍ കമ്മിറ്റിയാണ് വിപണി വിലയേക്കാളും കുറഞ്ഞ നിരക്കില്‍ ഭൂമി വില്പന നടക്കുന്നുവെന്ന് ആരോപിച്ച് സര്‍ക്കാരിന് ആദ്യം പരാതി നല്‍കിയത്.
2009-ല്‍ നടന്ന ഭൂമി വില്പനയാണ് ജസ്റ്റിസുമാരായ ജെബി പാര്‍ഡിവാല, ആര് മഹാദേവന് എന്നിവര്‍ അടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. എടപ്പാളില്‍ സഹകരണ കോളേജ് സ്ഥിതി ചെയ്തിരുന്ന 37 സെന്റ് സ്ഥലമാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലേലം നടത്തി വിറ്റത്. സെന്റിന് 1.32 ലക്ഷം രൂപ നിരക്കില്‍ 37 സെന്റിന് 48.9 ലക്ഷം രൂപയ്ക്കാണ് വില്പന കരാര്‍ ഉറപ്പിച്ചത്. എന്നാല്‍ ഈ ഭൂമിക്ക് സെന്റിന് ആറ് ലക്ഷത്തില്‍ അധികം രൂപ വില വരുമെന്നും വില്പന കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം എടപ്പാള്‍ ലോക്കല്‍ കമ്മിറ്റി ജില്ലാ രജിസ്ട്രാര്‍ക്ക് പരാതി നൽകുകയായിരുന്നു.
പതിമൂന്ന് വര്‍ഷം മുമ്പ് ഈ ഭൂമിയുടെ അടിസ്ഥാന വില ബാങ്ക് എങ്ങനെയാണ് നിശ്ചയിച്ചത് എന്ന കാര്യം വ്യക്തമല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
STORY HIGHLIGHT: The Supreme Court canceled the sale of land