ദക്ഷിണ കൊറിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് യൂണ് സുക് യോള്‍. പ്രതിപക്ഷം ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാജ്യവിരുദ്ധ ശക്തികളാവുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് രാജ്യത്ത് പട്ടാള നിയമം നടപ്പിലാക്കിയത്.
ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്ന് ലിബറല്‍ ദക്ഷിണ കൊറിയയെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും ഇല്ലാതാക്കുന്ന രാജ്യവിരുദ്ധ ഘടകങ്ങളെ ഇല്ലാതാക്കാനുമായി പട്ടാള നിയമം പ്രഖ്യാപിക്കുന്നു’ എന്നാണ് തത്സമയ ടെലിവിഷന്‍ സംപ്രേഷണത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റിന്റെ പ്രഖ്യാപനം. പ്രതിപക്ഷത്തെ കുറ്റവാളികളെന്ന് വിശേഷിപ്പിച്ച വൂണ് രാജ്യത്തെ ലിബറല്‍ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു. കൂടാതെ തങ്ങളുടെ നേതാവിനെ ഇംപീച്ച്മെന്റുകളില് നിന്നും പ്രത്യേക അന്വേഷണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് ജനങ്ങളുടെ ജീവനോപാധികളൊന്നും പരിഗണിക്കാതെ പ്രതിപക്ഷം ഭരണം സ്തംഭിപ്പിച്ചതെന്ന് യൂണ് ആരോപിക്കുന്നു.
യൂണിന്റെ പീപ്പിള്‍ പവര്‍ പാര്‍ട്ടിയും പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും പുതിയ ബജറ്റ് ബില്ലിനെച്ചൊല്ലി തര്‍ക്കം തുടരുന്നതിനിടെയാണ് ഭരണകൂടത്തിന്റെ ഈ അപ്രതീക്ഷിത നീക്കം.
STORY HIGHLIGHT: south korea declares emergency