സൂപ്പർഹിറ്റ് ചിത്രം ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ പ്രണവ് മോഹൻലാൽ നായകനാകുന്നു എന്ന് റിപ്പോർട്ടുകൾ. വിവിധ ട്രാക്കർ ഹാൻഡിലുകളാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും നിലവിൽ ലഭ്യമല്ല.
2025 ജനുവരിയിലോ ഫെബ്രുവരിയിലോ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൊറർ ത്രില്ലർ ഴോണറിലൊരുങ്ങുന്ന ചിത്രം രാഹുൽ സദാശിവനും വൈ നോട്ട് ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്. 40 ദിവസത്തെ ഷൂട്ടിങാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
റെഡ് റെയിൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്കുശേഷം രാഹുൽ സദാശിവൻ സംവിധാനംചെയ്ത ഭ്രമയുഗം വലിയ വിജയമായിരുന്നു. 50 കോടി ക്ലബിലും ചിത്രം ഇടംപിടിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണന്റേതായിരുന്നു സംഭാഷണങ്ങൾ.
വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം ആണ് പ്രണവിന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. വിഷു റിലീസായി എത്തിയ ചിത്രം തീയേറ്ററിൽ വലിയ വിജയംനേടിയിരുന്നു.
content highlight: bramayugam-director-rahulsadasivans-next-with-pranavmohanlal