India

പ്രോബ-3 വിക്ഷേപണം മാറ്റി, അവസാന നിമിഷം സാങ്കേതിക തകരാർ

സൂര്യനെ കുറിച്ചു പഠിക്കാനുള്ള സുപ്രധാന ദൗത്യത്തിനായുള്ള യുറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ–3 ഇരട്ട ഉപഗ്രഹങ്ങളുടെ വിക്ഷേപണം നാളത്തേക്ക് മാറ്റിവച്ചു. ഉപഗ്രഹത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണിത്. ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. ഇന്ന് വൈകിട്ട് 4.08നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. വിക്ഷേപണത്തിന് 43 മിനിട്ട് 50 സെക്കന്‍ഡ് ബാക്കിയുള്ളപ്പോൾ കൗണ്ട്ഡൌണ്‍ നിർത്തി.

നാളെ വൈകീട്ട് 4.12ന് വിക്ഷേപണം നടത്താൻ ശ്രമിക്കും. ബഹിരാകാശ രംഗത്ത് മറ്റൊരു ചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയായിരുന്നു ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്. ഇഎസ്എ നിര്‍മിച്ച കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നീ ഒരു ജോഡി പേടകങ്ങളെ ഐഎസ്ആര്‍ഒ ഒരൊറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് പ്രോബ-3. ഇസ്രൊയുടെ മറ്റ് ദൗത്യങ്ങള്‍ക്കൊന്നുമില്ലാത്ത ചില പ്രത്യേകതകള്‍ പ്രോബ-3 ദൗത്യത്തിനുണ്ട്.

സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തില്‍ ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം വരുന്ന തരത്തില്‍ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുല്‍റ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണ് പ്രോബ-3 എന്നതാണ് ഏറ്റവും വലിയ സവിശേഷത.