ദേശീയ സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് മികച്ച വിജയം. അരുണാചല്‍പ്രദേശിനെ എട്ട് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍പ്രദേശ് 124 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 22-ാം ഓവറില്‍ ലക്ഷ്യത്തിലെത്തി. ഇന്ത്യന്‍ താരം കൂടിയായ സജന സജീവന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് അനായാസ വിജയമൊരുക്കിയത്. സജന തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍ പ്രദേശിന് സ്കോര്‍ നാല് റണ്‍സില്‍ നില്‍ക്കെ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്ണെടുത്ത ഓപ്പണര്‍ അഭി റണ്ണൌട്ടാവുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ശിവി യാദവും കനികയും ചേര്‍ന്ന് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ട് അവസാനിപ്പിച്ച് സജന സജീവനാണ് അരുണാചല്‍ ബാറ്റിങ്ങിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ശിവി യാദവ് 32ഉം കനിക 21ഉം റണ്‍സെടുത്തു. തുടര്‍ന്നെത്തിയ ആര്‍ക്കും തന്നെ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായില്ല. വെറും മൂന്ന് റണ്‍സിനിടെ നാല് വിക്കറ്റുമായി സജന കളം നിറഞ്ഞതോടെ അരുണാചല്‍ ഇന്നിങ്സിന് 124 റണ്‍സില്‍ അവസാനമായി. 9.3 ഓവറില്‍ രണ്ട് മെയ്ഡനടക്കം 38 റണ്‍സ് വിട്ടുകൊടുത്താണ് സജന അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. വിനയയും അലീന സുരേന്ദ്രനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഷാനിയും വൈഷ്ണയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 45 റണ്‍സ് പിറന്നു. 33 റണ്‍സെടുത്ത ഷാനിയും 13 റണ്‍സെടുത്ത വൈഷ്ണയും അടുത്തടുത്ത് പുറത്തായെങ്കിലും ദൃശ്യയും അഖിലയും ചേര്‍ന്ന് കേരളത്തെ അനായാസം വിജയത്തിലെത്തിച്ചു. ഇരുവരും 35 റണ്‍സ് വീതം നേടി പുറത്താകാതെ നിന്നു.