സമരത്തിനു വേണ്ടി റോഡിൽ കെട്ടുന്ന പന്തലിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞുകയറി തൊഴിലാളിക്ക് പരുക്കേറ്റു. വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എൽഡിഎഫ് നാളെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായി കെട്ടുന്ന സമരപ്പന്തലിലേക്കാണ് കെഎസ്ആർടിസി ബസ് പാഞ്ഞു കയറിയത്.
കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽനിന്ന് വന്ന ബസാണ്, ഷീറ്റ് ഇടാൻ വേണ്ടി റോഡിന് കുറുകെ ഉയരത്തിൽ കെട്ടുകയായിരുന്ന ഇരുമ്പ് പൈപ്പിൽ ഇടിച്ചത്. പെപ്പിൽ കൊളുത്തി നിന്ന ബസ് പിന്നോട്ടോ മുന്നോട്ടോ എടുക്കാനോ സാധിച്ചിരുന്നില്ല. ഒരു മണിക്കൂറിന് ശേഷം പൈപ്പുകൾ അഴിച്ചു മാറ്റിയിട്ടാണ് ബസ് പുറത്തേക്കെത്തിച്ചത്. സമര പന്തൽ കെട്ടുകയായിരുന്ന അസം സ്വദേശി ഹസ്സൻ റോഡിൽ വീണു. കഴുത്തിനും കാൽമുട്ടിനും പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്തൽ കെട്ടുന്നതിന്റെ ഭാഗമായി റോഡ് ബ്ലോക്ക് ചെയ്യുകയോ മുന്നറിയിപ്പ് ബോർഡ് വയ്ക്കുകയോ ചെയ്തിരുന്നില്ല. പന്തൽ നിർമാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കോർപറേഷനും മൈക്ക് പെർമിഷൻ മാത്രമേ നൽകിയിട്ടുള്ളൂ എന്ന് പോലീസും വ്യക്തമാക്കി.
STORY HIGHLIGHT: ksrtc bus crash ldf protest kannur