World

സ്ത്രീകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം വിലക്കാനുള്ള താലിബാന്റെ തീരുമാനത്തെ എതിർത്ത് റാഷിദ് ഖാന്‍ – rashid khan condemns taliban ban female medical education

സ്ത്രീകളെ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ നിന്ന് വിലക്കാനുള്ള താലിബാന്റെ തീരുമാനത്തിനെ എതിർത്ത് അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ രംഗത്ത്. നഴ്‌സിങ് മിഡ്വൈഫറി കോഴ്സുകളില്‍ ചേരുന്നതില്‍ നിന്ന് താലിബാന്‍ ഭരണകൂടം സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് മെഡിക്കല്‍, സെമി-പ്രൊഫഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ചേരുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കിക്കൊണ്ട് നിര്‍ദേശം പുറപ്പെടുവിച്ചത്.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നിരാശാജനകമാണെന്ന് റാഷിദ് കുറിച്ചു. നമ്മുടെ സഹോദരിമാര്‍ക്ക് വിശുദ്ധ മതത്തിന്റെ തത്വങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടത്. വനിത ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അഭാവം സ്ത്രീകളുടെ ആരോഗ്യത്തെയും അന്തസിനെയും ബാധിക്കും. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിസ്താനിലെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടെയാണ് താലിബാന്‍ സ്ത്രീകള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രൊഫഷണല്‍ മെഡിക്കല്‍, പാരാ മെഡിക്കല്‍ സ്റ്റാഫുകളുടെ എണ്ണം കുറവായതിനാല്‍ പുതിയ നിരോധനം നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കും.

STORY HIGHLIGHT: rashid khan condemns taliban ban female medical education