ശബരിമല: അയ്യപ്പ ദർശനത്തിനും പതിനെട്ടാംപടി കയറാനും രാവിലെ നല്ല തിരക്ക്. പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തി ഭാഗത്തേക്ക് നീണ്ടു. പുലർച്ചെ കോടമഞ്ഞു പുതച്ചു നിൽക്കുകയാണ് സന്നിധാനവും പമ്പയും ശരണ വഴികളും. അടുത്തു നിൽക്കുന്നവരെ പോലും കാണാൻ കഴിയാത്ത വിധത്തിൽ ഇടയ്ക്കിടെ കോടമഞ്ഞ് മൂടുന്നുണ്ട്.
എരുമേലിയിൽ നിന്നുള്ള കാനനപാതയിൽ കാൽനടയായി എത്തിയ 238 തീർഥാടകർ കാളകെട്ടി ക്ഷേത്രത്തിൽ രാത്രി തങ്ങി. രാവിലെ 7ന് അഴുതയിൽ കാനനപാത തുറക്കുമ്പോൾ തന്നെ നടന്നു കടുവാ സങ്കേതത്തിലൂടെയുള്ള യാത്ര തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഇവർ. വണ്ടിപ്പെരിയാർ സത്രം ക്ഷേത്രത്തിൽ കുറച്ചു തീർഥാടകരാണ് രാത്രി ഉണ്ടായിരുന്നത്. പുല്ലുമേട് വഴിയുള്ള കാനനപാതയും രാവിലെ 7ന് തുറക്കും.