ഇന്ത്യയിലെ റബ്ബർ മേഖലയുടെ സുസ്ഥിര വികസനം എന്ന ആശയത്തിലത്തിലൂന്നി അന്താരാഷ്ട്ര റബ്ബർ സമ്മേളനം റബ്ബർകോൺ 2024 (RUBBERCON 2024) ഡിസംബർ 5 മുതൽ 7 വരെ ഹോട്ടൽ ലെ മെറിഡിയനിൽ വെച്ച് സംഘടിപ്പിക്കുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ റബ്ബർ കോൺഫറൻസ് ഓർഗനൈസേഷന്റെ (IRCO) സഹകരണത്തോടെ ഇന്ത്യൻ റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് (IRI) ആണ് സംഘാടകർ. ഇതാദ്യമായിട്ടാണ് റബ്ബർകോൺ കേരളത്തിൽ വെച്ച് സംഘടിപ്പിക്കുന്നത്. റബ്ബർ വ്യവസായത്തിലെ “സുസ്ഥിര വികസനം – വെല്ലുവിളികളും അവസരങ്ങളും” എന്ന പ്രമേയത്തിൽ റബ്ബർ മേഖലയിലെ നൂതനത്വത്തെയും സുസ്ഥിരതയെയും കുറിച്ചുള്ള ചർച്ചകൾക്കായി ഒരു അന്താരാഷ്ട്ര വേദിയായിരിക്കും ഈ സമ്മേളനമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, പോളണ്ട്, യുകെ, യുഎസ്എ, കാനഡ, ബെൽജിയം, നെതർലാൻഡ്സ്, ചൈന, ശ്രീലങ്ക, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പ്രഗത്ഭരായ 90 പ്രഭാഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൂടാതെ, 18 പോസ്റ്റർ അവതരണങ്ങളും ഉണ്ടാകും. റബ്ബർ മേഖലയിലെ ആധുനിക മാറ്റങ്ങളും സാങ്കേതികവിദ്യയിലെ അത്യാധുനിക ഗവേഷണങ്ങളും വികാസങ്ങളും സമ്മളനത്തിൽ പ്രദർശിപ്പിക്കും.
ഇന്ത്യയിലെ മിസൈൽ വനിത എന്നറിയപ്പെടുന്ന ഡോ. ടെസ്സി തോമസ്, എയറോനോട്ടിക്കൽ സിസ്റ്റംസിൻ്റെ മുൻ പ്രോജക്ട് ഡയറക്ടറും ഡി ആർ ഡി ഒ യിലെ അഗ്നി-IV മിസൈലിൻ്റെ ഡയറക്ടറും നിലവിൽ നിഷ് (NICHE) യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും, സമ്മേളനം ഉദ്ഘാടനം ചെയ്യും. ജെ കെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രഘുപതി സിംഘാനിയ ചടങ്ങിൽ വിശിഷ്ടാതിഥിയാകും.
പ്രധാന സമ്മേളനത്തിന് മുന്നോടിയായി അഡ്വാൻസ്ഡ് ടയർ ടെക്നോളജി, ട്രെഡ് റബ്ബർ & റീട്രെഡിംഗ് ടെക്നോളജി എന്നിവയെ കേന്ദ്രീകരിച്ച് രണ്ട് സിമ്പോസിയങ്ങൾ നടന്നു. യോകോഹാമ കോർപ്പറേഷൻ ഓഫ് നോർത്ത് അമേരിക്കയിലെ അഡ്വാൻസ്ഡ് എഞ്ചിനീയറിംഗ് ആൻഡ് ടെസ്റ്റിംഗ് ഡയറക്ടർ ഡോ. ജെയിംസ് എഫ്. കട്ടിനോ, ലക്സംബർഗിലെ ഗുഡ്ഇയർ ഇന്നൊവേഷൻ സെൻ്ററിലെ മുൻ അംഗമായ ഡോ അനെറ്റ് ലെച്ചെൻബോഹ്മർ ടയർ സാങ്കേതികവിദ്യയിലെയും റീട്രെഡിംഗ് പ്രക്രിയകളിലെയും ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകിക്കൊണ്ട് ചർച്ചകൾക്ക് നേതൃത്വം നൽകി.
ഐ ആർ ഐ ചെയർമാൻ ഡോ ആർ മുഖോപാധ്യായ യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഐആർഐ വൈസ് ചെയർമാൻ വി.കെ. മിശ്ര, റബ്ബർകോൺ 2024-ൻ്റെ ചീഫ് കൺവീനർ പി.കെ. മുഹമ്മദ്, ടെക്നിക്കൽ കൺവീനർ ഡോ. സമർ ബന്ദ്യോപാധ്യായ, സമ്മേളനത്തിൻ്റെ കൺവീനർ ശംഭു നമ്പൂതിരി, ടെക്നിക്കൽ കമ്മിറ്റി കോ-കൺവീനർ ഡോ. ജോബ് കുര്യാക്കോസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.