പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കാവുന്ന ജ്യൂസുകളിലൊന്നാണ് മത്തങ്ങാ ജ്യൂസ്. മഞ്ഞ മത്തനായിരിക്കും പൊതുവെ എല്ലാവരും കഴിക്കുന്ന പച്ചക്കറികളിലൊന്ന്. എന്നാൽ വെളുത്ത മത്തൻ ആള് നിസാരക്കാരനല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയ പച്ചക്കറികളിലൊന്നാണ് വെള്ള മത്തൻ. വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങി ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങൾ വെള്ള മത്തൻ പ്രദാനം ചെയ്യുന്നു. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ശരീരത്തിനാവശ്യമായ പോഷകഘടകങ്ങളിലൊന്നാണ് വിറ്റാമിൻ സി. വെള്ള മത്തൻ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് വിറ്റാമിൻ സിയുടെ ആഗിരണത്തിന് സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് വെള്ള മത്തൻ. ഇത് ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
കാത്സ്യം, വിറ്റാമിൻ കെ തുടങ്ങിയ പോഷക ഘടകങ്ങൾ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമാണ്. വെള്ള മത്തനിൽ കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പല്ലുകൾ പെട്ടന്ന് പൊട്ടിപോകുന്നത് തടയുകയും എല്ലുകളെയും പല്ലുകളെയും ബലപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യ സംരക്ഷണത്തിനൊപ്പം പ്രാധാന്യം നൽകേണ്ട ഒന്നാണ് ചർമ്മ സംരക്ഷണം. വെള്ള മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ ചർമ്മത്തിന് തിളക്കമേകാൻ സഹായിക്കുന്നു. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ കുറച്ച് ചെറുപ്പം നിലനിർത്താൻ വെള്ള മത്തങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.