സുസ്ഥിരവികസനം സംബന്ധിച്ച് കൃത്യമായ ലക്ഷ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ‘സുസ്ഥിരനിർമ്മാണം- നൂതനസാങ്കേതികതയും സമ്പ്രദായങ്ങളും’ എന്ന വിഷയത്തിൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ സംഘടിപ്പിച്ച മൂന്നു ദിവസത്തെ യുഎൽ അന്താരാഷ്ട്ര സുസ്ഥിരനിർമ്മാണ കോൺക്ലേവ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്രസഭ 2030-ലേക്കു പ്രഖ്യാപിച്ചിട്ടുള്ള 17 സുസ്ഥിരവികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഒന്നാം സ്ഥാനത്താണു കേരളം. അതിൽനിന്ന് ഇനിയും നമുക്ക് ഏറെ മുന്നോടു പോകണം. അതിനുള്ള പദ്ധതികളാണ് ആവശ്യം. ഒപ്പം വികസനരംഗത്തെ ദൗർബല്യങ്ങൾ പരിഹരിക്കുകയും വേണം. അതിൽ പ്രധാനമാണ് സുസ്ഥിരവികസനം. കേരളസർക്കാർ അത്തരം രീതികൾക്കാണ് ഊന്നൽ നല്കിവരുന്നത്.
എന്നാൽ അക്കാര്യത്തിൽ ആഗോളതലത്തിൽ ഉണ്ടാകേണ്ട സഹകരണവും കൂട്ടായ തീരുമാനവും വേണ്ടത്ര ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ മറ്റാരെയും കാത്തുനില്ക്കാതെ നാം നമ്മുടേതായ രീതികളിലേക്കു കടക്കണം. ഒപ്പം, കാലാവസ്ഥാവ്യതിയാനം മൂലം വർദ്ധിച്ചുവരുന്ന പരിസ്ഥിതിദുരന്തങ്ങൾ തടയാനും പ്രത്യാഘാതങ്ങൾ പരമാവധി കുറയ്ക്കാനും വേണ്ട അന്വേഷണങ്ങളും വേണം. നീണ്ട കടലോരം അനുഗ്രഹംപോലെതന്നെ ആപത്ക്കരവും ആകുകയാണ്. ചെല്ലാനത്തെ ടെട്രാപോഡ് തീരസംരക്ഷണം വിജയപ്രദമാണെങ്കിലും കൂടുതൽ പരിസ്ഥിതിസൗഹൃദമായ മാർഗ്ഗങ്ങൾ ആരായേണ്ടതുമുണ്ട്.
സുസ്ഥിരവികസനമെന്നു ധാരാളം കേൾക്കുന്നുണ്ടെങ്കിലും അതു ശരിയായ അർത്ഥത്തിൽ നടപ്പാകുന്നില്ല. ഒരു നിർമ്മാണത്തിന് ആശയം രൂപപ്പെടുമ്പോൾ മുതൽ പൂർത്തീകരണംവരെ എല്ലാ ഘട്ടത്തിലും ആ ആലോചന ഉണ്ടാകണം. നിർമ്മാണവസ്തുക്കളുടെ ഉത്പാദനം, ഗതാഗതം, നിർമ്മാണപ്രക്രിയ, പരിപാലനം എല്ലാം പരിസ്ഥിതിസൗഹൃദവും കാർബൺ ഫൂട് പ്രിന്റ് പരമാവധി കുറയ്ക്കുന്നതും ആകണം. ഇത്തരം കാര്യങ്ങൾ ചെയ്യാൻ വേണ്ട നൈപുണ്യവികസനവും പ്രധാനമാണ്. ഈ വിഷയത്തിൽ ലോകമാകെ വികസിച്ചുവരുന്ന രീതികൾ പകർത്താൻ കഴിയണം. സ്വന്തമായ ഗവേഷണവും ആവശ്യമുണ്ട്.
ഊരാളുങ്കൽ സൊസൈറ്റി ഇപ്പോൾത്തന്നെ ആ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ലോകത്തെ പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ‘ടെക് ടോക്’ എന്ന പ്രഭാഷണപരമ്പരയും അവർ തുടങ്ങിയിട്ടുണ്ട്. സുസ്ഥിരവികസനമാതൃകയോട് ജന്മം കൊണ്ടുതന്നെ ഹൃദയബന്ധം ഉള്ള സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി. ഗുണമേന്മ, അച്ചടക്കം, അഴിമതിരാഹിത്യം എന്നീ മൂല്യങ്ങൾക്കൊപ്പം ഇപ്പോൾ സുസ്ഥിരവികസനംകൂടി ഉൾച്ചേർക്കുകയാണ്. അതു മനസിലാക്കിയാണ് അന്താരാഷ്ട്ര സ്ഥാപനങ്ങൾ അവരുമായി സഹകരിക്കാൻ സന്നദ്ധമാകുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
ഗുണമേന്മയോടും വേഗത്തിലും നിർമ്മാണം നടത്തുന്നതിനാൽ പ്രവൃത്തികൾ ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുക്കണമെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആവശ്യപ്പെടുന്ന നിലയാണ് ഇന്നുള്ളതെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. മൃഗസംരക്ഷണ-ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചു റാണി വിശിഷ്ഠാതിഥിയായി. ഐഐഐസി ഡയറക്ടർ പ്രൊഫ. ബി. സുനിൽ കുമാർ കോൺക്ലേവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിവരിച്ചു.
മുൻമന്ത്രിമാരായ ഡോ. റ്റി. എം. തോമസ് ഐസക്ക്, ഷിബു ബേബി ജോൺ, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ, ഇൻഡ്യാഗവണ്മെന്റിന്റെ CSIR–CRRI ഡയറക്ടർ ഡോ. മനോരഞ്ജൻ പരിദാ, നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസ് ഡയറക്ടർ ജനറൽ ഡോ. എൽ. പി. സിങ്, അമേരിക്കയിലെ അരിസോണ സർവ്വകലാശാലയിലെ പ്രൊഫ. നാരായണൻ നെയ്താലത്ത്, ഐഐടി മദ്രാസിലെ പ്രൊഫ. കോശി വർഗ്ഗീസ് ജില്ലാപ്പഞ്ചായത്ത് അംഗം അഡ്വ. സി. പി. സുധീഷ് കുമാർ, ആസൂത്രണബോർഡ് അംഗം ഡോ. കെ. രവിരാമൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിൽ, നീണ്ടകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. രാജീവൻ, നീണ്ടകര ഗ്രാമപ്പഞ്ചായത്ത് അംഗം പി. ആർ. രജിത്ത്, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, എംഡി എസ്. ഷാജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കിഫ്ബി, സിഎസ്ഐആർ, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്, മദ്രാസ്, പാലക്കാട്, തിരുപ്പതി ഐഐറ്റികൾ, എൻഐറ്റി കാലിക്കട്ട്, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി, നിക്മർ യൂണിവേഴ്സിറ്റി, റിക്സ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് കോൺക്ലേവ് നടക്കുന്നത്.