കേരളം ആസ്ഥാനമായുളള മുന്‍നിര മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ഈ വര്‍ഷം ഇതു മൂന്നാമത്തെ തവണയും വായ്പാ നിരക്കുകള്‍ കുറച്ച് വായ്പകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള അവസരമൊരുക്കി. വരുമാനം സൃഷ്ടിക്കുന്ന വായ്പകളുടെ നിരക്കുകള്‍ 25 അടിസ്ഥാന പോയിന്റുകളും മൂന്നാം കക്ഷി ഉല്‍പ്പന്ന വായ്പകളുടെ നിരക്കുകള്‍ 125 അടിസ്ഥാന പോയിന്റുകളുമാണ് കുറച്ചത്.
2024 ജനുവരിയില്‍ 55 അടിസ്ഥാന പോയിന്റുകളും ജൂലൈയില്‍ 35 അടിസ്ഥാന പോയിന്റുകളും കുറച്ചതിനു പിന്നാലെയാണ് മുത്തൂറ്റ് മൈക്രോഫിന്‍ ഇപ്പോള്‍ വായ്പാ പലിശ നിരക്കുകള്‍ കുറച്ചത്. വരുമാനം സൃഷ്ടിക്കുന്ന വായ്പകള്‍ക്ക് 23.05 ശതമാനവും മൂന്നാം കക്ഷി ഉല്‍പ്പന്ന വായ്പകള്‍ക്ക് 22.70 ശതമാനവുമായിരിക്കും നിലവിലെ നിരക്ക്. 2024 ഡിസംബര്‍ മൂന്നു മുതല്‍ അനുവദിക്കുന്ന വായ്പകള്‍ക്ക് ഇതു ബാധകമായിരിക്കും.
ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ച ശക്തമാക്കുന്നതിലും ഔപചാരിക വായ്പകള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിലും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിലൂടെ കാണാനാവുന്നതെന്നും ഗ്രാമീണ സംരംഭങ്ങളുടേയും വനിതാ ശാക്തീകരണത്തിന്റേയും മേഖലയില്‍ ഇതു സഹായകമാകുമെന്നും മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു.
മൈക്രോഫിനാന്‍സ് മേഖലയിലെ മാറ്റങ്ങള്‍ ത്വരിതപ്പെടുത്താനും ഉപഭോക്താക്കളെ ശാക്തീകരിക്കാനുമുള്ള തങ്ങളുടെ ദീര്‍ഘകാല തന്ത്രങ്ങള്‍ക്ക് ഈ നിരക്കു കുറക്കലുകള്‍ പിന്തുണയേകുമെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ മാനേജിങ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു.
നിലവില്‍ മുത്തൂറ്റ് മൈക്രോഫിന്‍ 20 സംസ്ഥാനങ്ങളിലെ 369 ജില്ലകളിലുമായി 1,593 ശാഖകളിലൂടെ 3.4 ദശലക്ഷം സജീവ ഉപഭോക്താക്കള്‍ക്ക് സേവനം നല്കുന്നു.