പത്ത് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി. നേതൃത്വം നല്കുന്ന മഹായുതി സഖ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ബി.ജെ.പി. നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പി. നേതാവ് അജിത് പവാര്‍, ശിവസേന നേതാവ് എക്നാഥ് ഷിന്ദെ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. രാഷ്ട്രീയ, വ്യവസായ, സിനിമാ മേഖലകളിലെ പ്രമുഖർ സത്യപ്രതിജ്ഞാചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, രാജ്നാഥ് സിങ് തുടങ്ങിയവര്‍ക്കൊപ്പം യു.പി. മുഖ്യമന്ത്രി യോഗി ആധിത്യനാഥ്, രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ബോളിവുഡ് സിനിമ മേഖലയില്‍ നിന്ന് ഷാരുഖ് ഖാന്, സല്മാന് ഖാന്, രണ്‍ബീര്‍ കപൂര്‍, സഞ്ജയ് ദത്ത് തുടങ്ങിയവരും ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുല്‍ക്കര്‍, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, അനില്‍ അംബാനി, ആനന്ദ് അംബാനി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.
മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. മറ്റ് മന്ത്രിമാരെ പിന്നീട് തീരുമാനിക്കും. രണ്ടാഴ്ചയോളം നീണ്ട രാഷ്ട്രിയ അനിശ്ചിതത്വത്തിനൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ സമവായത്തിലെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിലപാടിലായിരുന്നു ശിവസേന നേതാവ് ഏക്നാഥ് ഷിന്ദെ.
STORY HIGHLIGHT: devendra fadnavis sworn in as maharashtra cm