സഹതടവുകാരനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി 10 വർഷത്തിനു ശേഷം അറസ്റ്റിൽ. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ബിജുവിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. 2014 ൽ ആണ് കേസിനാസ്പദമായ സംഭവം. പരപ്പനങ്ങാടി എക്സൈസ് റജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയവെ ബിജു സഹ തടവുകാരനെ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
ജാമ്യത്തിൽ ഇറങ്ങിയ പ്രതി പത്തുവർഷം ഗോവയിലും കർണാടകയിലും ഒളിവ് ജീവിതം നയിക്കുകയായിരുന്നു. കർണാടകയിലെ ഹുഗ്ലിയില്‍ വിവാഹം കഴിച്ച് അവിടെ കുടുംബസമേതം കഴിയുന്നതിനിടയിലാണ് അറസ്റ്റ്. 23 വർഷം മുമ്പ് വീടുവിട്ടുപോയ പ്രതിയെക്കുറിച്ച് വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല.
മൂന്നാം തീയതി ബിജു നാട്ടിലെത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കസബ പൊലീസ് പത്തനംതിട്ട ചിറ്റാറിൽ എത്തുകയും സഹോദരിയുടെ വീട്ടിൽ നിന്ന് ബിജുവിനെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കസബ ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ പി.സജേഷ് കുമാർ, സീനിയർ സിപിഒമാരായ പി.കെ. ബിനീഷ്, സുമിത്ത് ചാൾസ്, സിപിഒ മുഹമ്മദ് സക്കറിയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
STORY HIGHLIGHT: murder accused arrested in karnataka