അദാനി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയും കൂട്ടരും ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി എം.പി. അദാനിയുടെ വന്‍ അഴിമതിക്കേസ് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണമെന്ന് രാജ്യത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നു എന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. അദാനി വിഷയം ഉന്നയിച്ചുകൊണ്ട് ഇന്ത്യാസഖ്യം നേതാക്കള്‍ കറുത്ത ജാക്കറ്റണിഞ്ഞാണ് പാര്‍ലമെന്റ് പരിസരത്ത് ഒത്തുകൂടിയത്. ജാക്കറ്റിനുപുറത്ത് മോദിയും അദാനിയും ഒന്ന്, അദാനി സുരക്ഷിതന്‍ എന്നെഴുതിയ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നു.
ഇന്ത്യാസഖ്യത്തിന്റെ തികച്ചും അപ്രതീക്ഷിതമായ ഈ രീതിയിലുള്ള പ്രതിഷേധം ജനശ്രദ്ധയാകര്‍ഷിച്ചു. അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി ഇടപെടണം എന്ന ആവശ്യവും ഇന്ത്യാസഖ്യം മുന്നോട്ടുവെച്ചു.
‘അദാനിയുടെ വന്‍ അഴിമതിക്കേസ് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണമെന്ന് രാജ്യത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നു. ഇന്ത്യാസഖ്യത്തിലെ എല്ലാ പാര്‍ട്ടിയുള്ള നേതാക്കളും ഇതേ ആവശ്യം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു, പക്ഷേ നരേന്ദ്രമോദിയും സര്‍ക്കാറും ഈ ചര്‍ച്ചയില്‍നിന്നും ഒളിച്ചോടുകയാണ്. എല്ലാ മര്യാദകളും കാറ്റില്‍ പറത്തി അദാനിയുടെ അഴിമതിയെ പ്രധാനമന്ത്രി പ്രതിരോധിക്കുന്ന വിധം അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. സഹ എംപിമാര്‍ക്കൊപ്പം ഈ വിഷയത്തില്‍ പാര്‍ലമെന്റ് പരിസരത്ത് ഞാന്‍ പ്രകടനം നടത്തി’. പ്രിയങ്കാ ഗാന്ധി എക്‌സില്‍ കുറിച്ചു.
പ്രിയങ്കയ്ക്കും സഹ എം.പിമാര്‍ക്കുമൊപ്പം പ്രതിപക്ഷ എം.പിമാരെല്ലാം തന്നെ പ്രതിഷേധത്തില്‍ പങ്കെടുത്തു. തന്റെ ട്രേഡ് മാര്‍ക്കായ വെളുത്ത ടീഷര്‍ട്ടിനുപുറത്ത് പ്രതിഷേധ വാചകങ്ങള്‍ എഴുതിയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
STORY HIGHLIGHT: adani scam issue modi running away from the issue says priyanka gandhi