അന്താരാഷ്ട്ര തുറമുഖത്തെ മുല്ലൂര്‍ പരിധിയിലുളള സുരക്ഷാ മേഖലക്കടുത്ത് നാടന്‍ ബോംബ് നിര്‍മിച്ചുകൊണ്ടിരുന്ന നാലംഗ സംഘത്തെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.നെട്ടത്താന്നി സ്വദേശി ശരത്, മുല്ലൂര്‍ തോട്ടം സ്വദേശി അനീഷ് , കോളിയൂര്‍ സ്വദേശി അജിത്, വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി സ്വദേശി ധനുഷ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
പ്രതികളുടെ പക്കല്‍ നിന്ന് നാടന്‍ ബോംബുനിര്മിക്കുന്നതിനുളള വസ്തുക്കളും രണ്ട് നാടന്‍ ബോംബുകളും, ഒരു വെട്ടുകത്തി, 30ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. ഫോര്‍ട്ട് അസി. കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി വിശദ പരിശോധന നടത്തി.
തോട്ടം ഭാഗത്തുളള ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന അഭിരാജിന്റെ വീട്ടുവളപ്പിലുടെയാണ് പ്രതികള്‍ പലപ്പോഴും രാത്രികാലങ്ങളില്‍ സഞ്ചരിച്ച് തുറമുഖ പദ്ധതി പ്രദേശത്തിനടുത്ത് എത്തുന്നത്. ഇതുവഴി പതിവായി പോകുന്നത് അഭിരാജ് വിലക്കിയിരുന്നു. ഇതേ തുടര്‍ന്ന് യുവാക്കളുടെ സംഘം അഭിരാജുമായി വാക്കുതര്‍ക്കവും ഉന്തലും തളളലുമുണ്ടായി. ഇതേച്ചൊല്ലിയുളള പകപോക്കലിനാണ് പ്രതികളായ യുവാക്കള്‍ സുരക്ഷാ മേഖലയ്ക്കടുത്ത് തമ്പടിച്ച് നാടന്‍ ബോംബ് നിര്‍മിക്കാന്‍ ശ്രമിച്ചത്.
സുരക്ഷാമേഖയ്ക്കടുത്ത് യുവാക്കളുടെ സംഘത്തെ കണ്ടത് ഉദ്യോഗസ്ഥരില്‍ സംശയമുണ്ടാക്കി. തുടർന്ന് എസ്.എച്ച്.ഒ.ആര്. പ്രകാശ്, എസ്.ഐ. മാരായ എം.പ്രശാന്ത്, ദിനേശന്,സതീഷ്,എസ്.സി.പി.ഒ. മാരായ സാബു, സുരേഷ്, രഞ്ചിത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.
STORY HIGHLIGHT: Four people were arrested for making bomb near the security zone