അന്ന് ഒരൊറ്റയക്കത്തിനാണ് 12 കോടി രൂപ കൈവിട്ടുപോയത്. എന്നാല്‍ ആ വിഷമം ഇന്നലെ മാറി. ഒരിക്കൽ കൈവിട്ടുപോയ ഭാഗ്യം ഇന്ന് അതെ കൈകളിൽ തന്നെ എത്തിയതിന്റെ സന്തോഷത്തിലാണ് ദിനേശ്. ഇന്നലെ ഉച്ചക്ക് പൂജ ബമ്പര്‍ വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ കല്യാണപന്തലിലായിരുന്നു ദിനേശ്. ആ സമയത്ത് തന്നെ തനിക്കാണ് 12 കോടി അടിച്ചതെന്ന് ദിനേശിന് മനസിലായി. എന്നാല്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. ഭാര്യ രശ്മിയോടും മക്കളായ ധീരജിനോടും ധീരജയോടുംപോലും പറഞ്ഞില്ല.
വിവാഹം കഴിക്കാന്‍ പോകുന്ന കൂട്ടുകാരന് വിദേശത്ത് നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്. അതിനാല്‍ വിവാഹത്തിന്റെ മേല്‍നോട്ടമെല്ലാം വഹിച്ചത് ദിനേശാണ്. വിവാഹത്തിന് ശേഷം വൈകുന്നേരം ലോട്ടറി സെന്ററിലെത്തി ദിനേശ് കാര്യം പറഞ്ഞു. ആരോടും ഇക്കാര്യം പറയരുതെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ ഭാര്യയോട് സന്തോഷ വാര്‍ത്ത അവതരിപ്പിച്ചു. മക്കളും അറിഞ്ഞു. പിന്നീട് നാടും അറിഞ്ഞു.
ക്രിസ്മസ് സമ്മാനമായി തൊടിയൂർ നോർത്ത് കൊച്ചയ്യത്തുകിഴക്കതിൽ വീട്ടിലേക്ക് പൂജാ ബംപറെത്തിയതിന്റെ സന്തോഷത്തിൽ ഇരട്ടിമധുരമുണ്ട്. ഏജൻസി വ്യവസ്ഥയിൽ 10 ടിക്കറ്റുകൾ ഒന്നിച്ചെടുത്തതിനാൽ കമ്മിഷനും (10%) ദിനേശിനു തന്നെ സ്വന്തം. മുൻപും ബംപറുകളെടുത്ത് ഒരുലക്ഷം, അൻപതിനായിരം തുകവരെ നേടിയിട്ടുണ്ട്. അതേസമയം, ഇത്ര വലിയ തുക കൊണ്ട് എന്താണ് പദ്ധതിയെന്ന ചോദ്യത്തിനും ദിനേശ് കുമാറിന് വ്യക്തമായ മറുപടിയുണ്ട്. ‘തുക കുറച്ചുനാളത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കും. നിലവിലെ ബിസിനസ്സുമായി തുടരും. ശുദ്ധരായ നാട്ടുകാരുണ്ട്. അവരെ സഹായിക്കണം. തൊടിയൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലാണ് വീട്’, ദിനേശ് കുമാര്‍ പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍കൊടുക്കുന്ന സംവിധാനമാണ് കേരള ലോട്ടറി. ലോട്ടറി എടുത്താലേ അടിക്കുള്ളൂ. എല്ലാവരും ലോട്ടറി എടുക്കണം എന്നാണ് തന്റെ അഭിപ്രായം. ഒന്നോ രണ്ടോ ടിക്കറ്റ് എടുത്തിട്ട് അടിച്ചില്ലെങ്കില്‍ പിന്നീട് എടുക്കാതിരിക്കരുതെന്നും ദിനേശ് കുമാര്‍ പറയുന്നു. സ്ഥിരമായി ബമ്പര്‍ എടുക്കുന്നയാളാണ് ദിനേശ് കുമാര്‍.
STORY HIGHLIGHT: pooja bumper lottery winner dinesh kumar