പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസെടുക്കുമെന്ന് പൊലീസ്. അല്ലു അർജുന് പുറമേ നടന്റെ സെക്യൂരിറ്റി ടീമിനെതിരെയും സന്ധ്യ തിയറ്റർ മാനേജ്‌മെന്റിനെതിരെയും കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
‘നടൻ എത്തുമെന്ന് തിയറ്റർ മാനേജ്മെന്റിന് അറിയാമായിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് സുരക്ഷാ സംവിധാനങ്ങളോ, നടനും സംഘത്തിനും അകത്ത് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴിയോ തിയറ്റർ മാനേജ്മെന്റ് ഒരുക്കുകയോ ചെയ്തില്ല .’ ഹൈദരാബാദ് ഡിസിപി പറഞ്ഞു.
സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ നിര തന്നെ ബുധനാഴ്ച രാത്രി തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നത്. അവർക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് അല്ലു അർജുൻ എത്തിയത്. സംവിധായകൻ സുകുമാറും എത്തിയിരുന്നു. തുറന്ന ജീപ്പിൽ ആരാധകരെ അഭിവാദ്യം ചെയ്താണ് അല്ലു അർജുൻ എത്തിയത്. താരത്തെ കണ്ടതും ആരാധകരുടെ ആവേശം അതിരുകടന്നു. തുടർന്ന് അല്ലു അർജുന്റെ സുരക്ഷാ ജീവനക്കാർ ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചതോടെ അത് ഉന്തിലും തള്ളിലും കലാശിച്ചു. പൊലീസിനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതോടെ പൊലീസ് ലാത്തി വീശി. തുടർന്നുണ്ടായ സംഘർഷത്തിലാണ് അപകടം നടന്നത്.
ദിൽസുഖ്നഗറിലെ രേവതി എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കൾക്കുമൊപ്പം സിനിമ കാണാൻ എത്തിയതായിരുന്നു രേവതി. ഇത് കൂടാതെ ചിത്രം കാണാൻ എത്തിയ ഒരു കുട്ടിയടക്കം രണ്ട് പേർ ബോധംകെട്ടു വീണു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
STORY HIGHLIGHT: woman dies pushpa-2 release case against allu arjun