ശബരിമല: ശബരിമലയിൽ ഭക്സ്തജന തിരക്ക് തുടരുന്നു. മല കയറി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനത്തിന്റെ പുണ്യം നുകരാൻ എത്തിയ തീർഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമാണു സന്നിധാനത്തിൽ. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം തുടങ്ങിയ തീർഥാടകരുടെ തിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ വൈകിട്ട് 7ന് പമ്പയിൽനിന്നു മല കയറിയ തീർഥാടകർക്ക് ഇന്ന് പുലർച്ചെ 3ന് നട തുറന്ന ശേഷമാണ് ദർശനം കിട്ടിയത്.
ഇന്നലെ യു ടേൺ മുതൽ ക്യു നിന്ന് ഇവർ സന്നിധാനത്ത് എത്തിയപ്പോഴേക്കും ഹരിവരാസനം ചൊല്ലി നട അടച്ചിരുന്നു. ഒടുവിൽ നടപ്പന്തലിലെ ക്യൂവിൽ പുലർച്ചെ വരെ കാത്തിരുന്നു. നടൻ ദിലീപ് ഉൾപ്പെടെയുള്ളവർ പുലർച്ചെ നിർമാല്യ ദർശനം നടത്തി. ശബരിമലയിൽ ആരും അനുവദനീയമായ ദിവസത്തിലധികം താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഡോണർ മുറിയിൽ ആരും അനുവദനീയമായ ദിവസത്തിലധികം താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
പാലക്കാട് സ്വദേശിയായ സുനിൽ കുമാർ (സുനിൽ സ്വാമി) മണ്ഡലകാലത്തും മാസ പൂജയ്ക്കും നട തുറക്കുന്ന ദിവസങ്ങളിലെല്ലാം ശബരിമലയിൽ താമസിക്കുകയും ശ്രീകോവിലിനു മുന്നിൽനിന്നു ദിവസവും തൊഴുകയും ചെയ്യുന്നുണ്ടെന്ന സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിലെടുത്ത സ്വമേധയാ ഹർജിയിലാണു ഹൈക്കോടതി നിർദേശം.