വൃക്കരോഗമുള്ളവരുടെ എണ്ണം കൂടിവരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമിത ബി.പി.യും നിയന്ത്രണത്തിലല്ലാത്ത പ്രമേഹവുമാണ് 80 ശതമാനം വൃക്കരോഗങ്ങൾക്കും കാരണമാകുന്നത്. ഇത്തരത്തിൽ വൃക്കസ്തംഭനമുണ്ടായാൽ വളരെ പെട്ടെന്നുതന്നെ വൃക്ക മാറ്റിവയ്ക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ വൃക്ക ലഭിക്കാനുള്ള ബുദ്ധിമുട്ടുമൂലം പലർക്കും അത് സാധിക്കാറില്ല. വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നത് നിർത്തുമ്പോൾ ഇത്തരം ഘട്ടങ്ങളിൽ രക്തത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകവും നീക്കം ചെയ്യുന്ന ഒരു പ്രക്രിയയാണ് ഡയാലിസിസ്. ശുദ്ധീകരിക്കേണ്ട ഒരു യന്ത്രത്തിലേക്ക് രക്തം തിരിച്ചുവിടുന്നത് പലപ്പോഴും ഇതിൽ ഉൾപ്പെടുന്നു.
ഡയാലിസിസ് എന്ന് കേൾക്കുമ്പോൾ പല രോഗികൾക്കും ഭയമാണ്. അങ്ങനെ ഭയക്കേണ്ട കാര്യമില്ലെന്നാണ് തിരുവനന്തപുരം എസ്.കെ ആശുപത്രിയിലെ കൺസൾട്ടൻഡ് നെഫ്രോളജിസ്റ്റായ ഡോക്ടർ ബെന്നി വർഗീസ് പറയുന്നത്. കൃത്യമായ തയ്യാറെടുപ്പുകളോടെ പ്രശ്നങ്ങൾ ഇല്ലാതെ ഡയാലിസിസ് ചെയ്യാം. കയ്യിലൂടെ ഡയാലിസിസ് ചെയ്യുന്നതിലൂടെ ഇൻഫെക്ഷനുകൾ ഒഴിവാക്കാം എന്നും ഡോക്ടർ പറയുന്നു. ഡയാലിസിസ് തുടങ്ങേണ്ട ആവശ്യം വരും എന്ന് അറിഞ്ഞാൽ തന്നെ ആർട്ടെറിയോവെനസ് ഫിസ്റ്റുല അഥവാ എ.വി ഫിസ്റ്റുല നമ്മൾ ചെയ്തുവെക്കുന്നതാണ് നല്ലതെന്നും ഡോക്ടർ അഭിപ്രായപ്പെടുന്നു. കഴിവതും കഴുത്തിലും തുടയിലും ഡയാലിസിസിനായി ട്യൂബ് ഇടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. തയ്യാറെടുപ്പുകൾ കൃത്യമായി നടത്തിയാൽ മറ്റ് പ്രതിസന്ധികൾ ഇല്ലാതെ ഡയാലിസിസ് ചെയ്യാവുന്നതേ ഉള്ളൂ.