Celebrities

‘ദംഗല്‍’ എന്ന സിനിമയ്ക്ക് ആമിര്‍ ഖാന് ലഭിച്ച പ്രതിഫലം?

ബോളിവുഡ് താരം ആമിര്‍ ഖാന് ഏറ്റവും ഉയര്‍ന്ന പ്രതിഫലം കിട്ടിയ സിനിമയാണ് 2017-ല്‍ പുറത്തിറങ്ങിയ ‘ദംഗല്‍’. ഒരു സിനിമയില്‍ നിന്നുമാത്രം ഇത്രയുമധികം പ്രതിഫലം ലഭിച്ച മറ്റ് താരങ്ങള്‍ ഇല്ല. ഒരൊറ്റ സിനിമയ്ക്ക് 275 കോടി രൂപ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ‘സിനിമ ഇപ്പോഴും ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്നതാണ് യാഥാര്‍ഥ്യം. ചിത്രം ചൈനയില്‍ നിന്ന് 1300 കോടി രൂപ നേടിയതോടെയാണ് ആമിറിനും ഗണ്യമായ ലാഭം സിനിമയിലൂടെ ലഭിച്ചത്.

2017-ലെ ‘ബോളിവുഡ് ഹംഗാമ’യുടെ ഒരു റിപ്പോര്‍ട്ടനുസരിച്ച്, ‘ദംഗലി’നായി ആമിര്‍ 35 കോടി രൂപയാണ് ആദ്യം വാങ്ങിയത്. കൂടാതെ, ലാഭം പങ്കിടുന്നതിനായി നിര്‍മ്മാതാക്കളുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. 2016 ഡിസംബറില്‍ സ്പോര്‍ട്സ് ബയോപിക് ചിത്രം പുറത്തിറങ്ങി, വന്‍വിജയവുമായി. ഇന്ത്യയില്‍ നിന്ന് 500 കോടിയിലധികം രൂപയും വിദേശത്ത് നിന്ന് 100 കോടിയിലധികവും നേട്ടമുണ്ടാക്കി. സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങളുടെ വില്‍പ്പനയടക്കം ചിത്രം 420 കോടി രൂപയുടെ ലാഭം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ നിന്ന് ആമിര്‍ കൈപ്പറ്റിയത് 140 കോടി രൂപയും. ഇതോടെ, സിനിമയില്‍ നിന്നുള്ള ആമിറിന്റെ വരുമാനം 175 കോടിയായി.

തൊട്ടടുത്ത വര്‍ഷം, 2017-ലാണ് ‘ദംഗല്‍’ ചൈനയില്‍ റിലീസ് ചെയ്തത്. ഇതോടെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി ‘ദംഗല്‍’ മാറി. ചിത്രം 200 മില്യണ്‍ ഡോളറാണ് രാജ്യത്ത് നേടിയത്. ഇതിലൂടെ ആമിറിന് 15 മില്യണ്‍ ഡോളര്‍ (ഏകദേശം 100 കോടി രൂപ) ലാഭവിഹിതം ലഭിച്ചുവെന്ന് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇത് സിനിമയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മൊത്തം വരുമാനം 275 കോടിയാക്കി. ഇതുവരെയുള്ള ഏതൊരു ഇന്ത്യന്‍ നടന്റെയും ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരുന്നു ഇത്.

Tags: MOVIE