കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ 169 റണ്‍സിന് പുറത്താക്കി കേരളം. ഒന്നാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ കേരളം ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 76 എന്ന നിലയിലാണ്. ആറ് വിക്കറ്റ് വീഴ്ത്തിയ അഭിരാമിന്റെ ബൗളിങ് മികവാണ് മത്സരത്തില്‍ കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്.
തിരുവനന്തപുരം മംഗലപുരം കെസിഎ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ബിശേഷ് ദത്തയെ പുറത്താക്കി അഭിരാം തുടക്കത്തില്‍ തന്നെ കേരളത്തിന് മികച്ച തുടക്കം നല്കി. തുടര്‍ന്നെത്തിയ കൃഷ് ശര്‍മ്മയെയും സെന്തു യാദവിനെയും അഭിരാം തന്നെ പുറത്താക്കിയതോടെ മൂന്ന് വിക്കറ്റിന് 36 റണ്‍സെന്ന നിലയിലായിരുന്നു ജാര്‍ഖണ്ഡ്. നാലാം വിക്കറ്റില്‍ വത്സല്‍ തിവാരിയും വിവേക് കുമാറും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഝാര്‍ഖണ്ഡിന് പ്രതീക്ഷ നല്കി. ഇരുവരും ചേര്‍ന്ന് 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിവേക് കുമാറിനെയും അഭിരാം പുറത്താക്കിയതോടെ ജാര്‍ഖണ്ഡ് ബാറ്റിങ് നിരയുടെ തകര്‍ച്ചയ്ക്ക് തുടക്കമായി. തുടര്‍ന്നെത്തിയ ജാര്‍ഖണ്ഡ് ബാറ്റര്‍മാരില്‍ ആര്‍ക്കും പിടിച്ചു നില്ക്കാനായില്ല. 169 റണ്‍സിന് ജാര്‍ഖണ്ഡ് ഇന്നിങ്സിന് അവസാനമായി. അഭിരാം ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാര്‍ത്തിക് രണ്ടും അഹ്മദ് ഇമ്രാനും അബിന്‍ ലാലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. രോഹിത്, അക്ഷയ്, സൌരഭ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റന്‍ അഹ്മദ് ഇമ്രാനും കാര്‍ത്തിക്കും ചേര്‍ന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയെങ്കിലും പത്ത് റണ്‍സെടുത്ത കാര്‍ത്തിക് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. കളി നിര്‍ത്തുമ്പോള്‍ 21 റണ്‍സോടെ അഹ്മദ് ഇമ്രാന് ക്രീസിലുണ്ട്.