തേന്‍ എന്താണെന്നും അതിന്റെ ഉപയോഗം എന്താണെന്ന് എല്ലാവര്ക്കും അറിയാം. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് തേന്‍. ഭക്ഷണത്തിലും മരുന്നിലും സൗന്ദര്യവര്ധകവസ്തുക്കളിലുമെല്ലാം തേന്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. പല തരത്തിലുള്ള തേന്‍ വിപണിയില്‍ ലഭ്യമാണ്. ഗുണനിലവാരം അനുസരിച്ചാണ് അതിന്റെ വില നിര്‍ണയിക്കുന്നത്. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുമെങ്കിലും ലോകത്തിലെ ഏറ്റവും വിലയേറിയ തേനിന് കിലോഗ്രാമിന് ലക്ഷങ്ങളാണ് വില വരുന്നത്.
തുര്‍ക്കിയിലെ കക്കര്‍ മലനിരകളും കോകേഷ്യന്‍ മലനിരകളിലുമാണ് ആഡംബരതേനായ എല്‍വിഷ് ഹണി വിളയുന്നത്. കിലോയ്ക്ക് ആറുലക്ഷത്തോളം രൂപ വിലയുള്ളതാണ് എല്‍വിഷ് ഹണി. ഔഷധഗുണമുള്ളതും തദ്ദേശീയവുമായ സസ്യങ്ങളില്‍ പരാഗണം നടത്തുന്ന കൊക്കേഷ്യന്‍ കാട്ടുതേനീച്ചകളുടെ കോളനിയില്‍ നിന്നാണ് നാട്ടുകാര്‍ ഈ തേന്‍ സംഭരിക്കുന്നത്. വംശനാശഭീഷണി നേരിടുന്നവരാണ് വലിപ്പമുള്ള ഈ തേനീച്ചകള്‍.
നൂറ്റാണ്ടുകളായി ‘ദൈവങ്ങളുടെ അമൃത്’ എന്നാണ് എല്‍വിഷ് തേന്‍ അറിയപ്പെടുന്നത്. ബിസി 17-ാം നൂറ്റാണ്ടിലെ തുര്‍ക്കിയിലെ ‘കോള്ച്ചിസ് സാമ്രാജ്യ’കാലം തൊട്ട് പ്രശസ്തമാണ്. പുരാതന ലാസ് ഗോത്രങ്ങള്‍ രോഗങ്ങളെ സുഖപ്പെടുത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വാര്‍ധക്യത്തെ ചെറുക്കാനും ലൈംഗികശക്തി വര്‍ധിപ്പിക്കാനുമെല്ലാം ഈ തേന്‍ ഉപയോഗിക്കാറുണ്ടായിരുന്നത്രേ. പൂവിന്റെ പ്രത്യേകമായ സുഗന്ധമാണ് ‘മാഡ് ഹണി’ എന്നും അറിയപ്പെടുന്ന ഈ തേനിന്.
ആന്റിഓക്സിഡന്റുകള്‍, പോളിഫെനോള്‍സ്, ഫ്ലേവനോയ്ഡുകള്‍, പ്രോലിന്‍ എന്നിവയാല്‍ സമ്പന്നമാണ് തേന്‍. റോഡോഡെന്‍ഡ്രോണ്‍ പൂക്കളില്‍ നിന്നാണ് തേനീച്ചകള്‍ പ്രധാനമായും തേനെടുക്കുന്നത്. ചില പൂക്കളുടെ തേനില്‍ ഗ്രയാനോടോക്സിന്‍ എന്ന പ്രകൃതിദത്ത ന്യൂറോടോക്സിന്‍ അടങ്ങിയിട്ടുണ്ടെന്ന് ഉത്പാദകര്‍ അവകാശപ്പെടുന്നു. വടക്കുകിഴക്കന്‍ കരിങ്കടല്‍ മേഖലയില്‍ ഏറ്റവും സാന്ദ്രതയേറിയ, ഉയരത്തില്‍ വിളയുന്ന തേനാണിത്. എല്‍വിഷ് തേനിന്റെ വാര്‍ഷിക ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കായി നീക്കിവച്ചിരിക്കുന്നു.
കൊക്കേഷ്യന്‍ മൗണ്ടന്‍ ഗ്രേ തേനീച്ചകളാണ് ഇവിടെ താരങ്ങള്‍. കരിങ്കടല്‍ കൊക്കേഷ്യന്‍ ഗ്രേ തേനീച്ചയുടെ ജന്മദേശമാണ്. സങ്കീര്‍ണ്ണമായ കാലാവസ്ഥയാണ് ഈ ഇനത്തിന്റെ ശക്തമായ പരിണാമത്തിനു വഴിയൊരുക്കിയത്. വളരെ നേരത്തേയും വൈകിയിട്ടും തണുത്ത കാലാവസ്ഥയിലും പറക്കാനുള്ള ശേഷിയുണ്ട്. ശരാശരി 7.2 മില്ലിമീറ്ററാണ് കൊക്കേഷ്യന്‍ തേനീച്ചയുടെ നീളം. നാവിന് നീളമുള്ളതിനാല്‍ എതിരാളികളേക്കാള്‍ ആഴത്തില്‍ പൂവിനുള്ളില്‍ നിന്ന് തേന്‍ ശേഖരിക്കാന്‍ സാധിക്കും. കൊക്കേഷ്യന്‍ ഗ്രേ തേനീച്ചയ്ക്ക് കൂടുതല്‍ തരം പൂക്കളില്‍ നിന്ന് വലിയ അളവില്‍ തേന്‍ ശേഖരിക്കാന്‍ കഴിവുണ്ട്.
പ്രകൃതിദത്തമായ രീതിയില്‍ മായങ്ങളില്ലാതെ ഉത്പാദിപ്പിക്കുന്നതിനാല്‍ വളരെ കുറഞ്ഞ അളവിലേ ഓരോ കൊല്ലവും തേന്‍ കിട്ടാറുള്ളൂവെന്ന് ഉത്പാദകര്‍ പറയുന്നു. മലമുകളില്‍ സാഹസികമായി കയറിപ്പറ്റിയാണ് ഓരോ തുള്ളി തേനും ശേഖരിക്കുന്നത്. 2023-ല്‍ എല്‍വിഷ് ഹണി പത്തു കിലോയില്‍ താഴെ മാത്രമാണ് ഉത്പാദിപ്പിച്ചതെന്ന് ഉത്പാദകരില്‍ ഒരാള്‍ പറയുന്നു. അതുകൊണ്ടുതന്നെ അപൂര്‍വവും വിലയേറിയതുമാണ് എല്‍വിഷ് തേന്‍. കഴിഞ്ഞ വര്‍ഷത്തെ വിളവെടുപ്പില്‍ 150 മില്ലി ബോട്ടിലിന്റെ വില 1,033 ഡോളറാണ് (ഏകദേശം 88000 രൂപ). കിലോഗ്രാമിന് ആറുലക്ഷത്തോളം രൂപയും.