തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി ഒരാൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. കെഎസ്ആർടിസി ബസിന്റെയും സ്വകാര്യ ബസിന്റെയും ഡ്രൈവർമാരാണ് കേസിലെ പ്രതികൾ.
ഉദാസീനമായി മനുഷ്യജീവന് ആപത്തുണ്ടാക്കും വിധം ഇരു ഡ്രൈവർമാരും വാഹനം ഓടിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.ഫോർട്ട് പൊലീസ് ആണ് കേസെടുത്തത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.കൊല്ലം സ്വദേശി ഉല്ലാസാണ് ദാരുണമായി മരണപ്പെട്ടത്.കേരള ബാങ്ക് ജീവനക്കാരനാണ് ഇദ്ദേഹം.കെഎസ്ആർടിസി ബസ്സിനും പ്രൈവറ്റ് ബസ്സിനും ഇടയിൽപ്പെട്ട് ഞെരുങ്ങിയാണ് ഉല്ലാസിൻ്റെ മരണം സംഭവിച്ചത്. ഉല്ലാസിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അതേസമയം വാഹനാപകടത്തെ പറ്റി അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ നിർദ്ദേശം നൽകി.ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് അദ്ദേഹം നിർദ്ദേശം നൽകിയിരിക്കുന്നത്.