കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച ഒമാനിലെ ‘നിസ്വ മ്യൂസിയം’ സന്ദർശകരുടെ മനം കവരുന്നു. ദാഖിലിയ ഗവർണറേറ്റിലെ നിസ്വ വിലായത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
ഇതിനകം 21,000ത്തിലധികം ആളുകളാണ് മ്യൂസിയത്തിലെത്തിയത്. പൈതൃക-ടൂറിസ മന്ത്രാലയത്തിനു കീഴിൽ ഒമാന്റെ സമ്പന്നമായ പൈതൃകങ്ങളെ ഉയർത്തിക്കാട്ടുന്ന സാംസ്കാരിക കേന്ദ്രമായി മ്യൂസിയം അടയാളപ്പെടുത്തുന്നു. ഒമാന്റെ ചരിത്രശേഷിപ്പുകളെയും സംസ്കാരത്തെയും കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാൻ സാധിച്ചതിൽ മ്യൂസിയം മേധാവി മുഹമ്മദ് ബിൻ അഹ്മദ് അംബുസൈദി സംതൃപ്തി രേഖപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഫലപ്രദമായ ഇടപെടലുകളും സന്ദർശകരെ ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
ഒമാനിലെയും വിദേശത്തെയും 24 ഔദ്യോഗിക പ്രതിനിധി സംഘങ്ങൾക്ക് മ്യൂസിയം ആതിഥേയത്വം വഹിച്ചു. അവിസ്മരണീയവും വിജ്ഞാനപ്രദവുമായ പ്രവർത്തനങ്ങളിലൂടെ 52 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളെ സ്വീകരിച്ചു. മാർബിൾ പേനകൾ ഉപയോഗിച്ച് കല്ലുകളിലെഴുതൽ, പരമ്പരാഗത ഒമാൻ കരകൗശല വസ്തുക്കളുമായുള്ള ഇടപഴകലുകൾ എന്നിവ വിദ്യാർത്ഥികൾക്കിടയിൽ ജനപ്രിയമായി.