സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങൾക്ക് മറുപടി നൽകി മന്ത്രി പി.രാജീവ്. കൊച്ചി സ്‌മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ദുബായ് ടീകോമിനെ ഒഴിവാക്കുന്ന പ്രക്രിയയെക്കുറിച്ച് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഉയർത്തുന്ന ആരോപണങ്ങൾ കെട്ടുകഥകളാണെന്ന് മന്ത്രി. ടീകോമിന് നഷ്ടപരിഹാരമല്ല നൽകുന്നത്. അവർ നടത്തിയ നിക്ഷേപത്തിന് സ്വതന്ത്ര വിലയിരുത്തൽ പ്രകാരം മൂല്യനിർണയം നടത്തുകയും മടക്കിനൽകാൻ കഴിയുന്നത് സംബന്ധിച്ച് ചർച്ചകൾ വഴി തീരുമാനമെടുക്കുകയും ചെയ്യുമെന്ന് മന്ത്രി.
സ്‌മാർട് സിറ്റി പദ്ധതിക്കായി ദുബായ് ടീകോം കമ്പനി പാട്ടത്തിനു നൽകിയ 246 ഏക്കർ തിരിച്ചു പിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പദ്ധതി പ്രവർത്തനം തുടങ്ങി 13 വർഷം കഴിഞ്ഞും കാര്യമായ നിക്ഷേപം ആകർഷിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു നടപടി. സ്‌മാർട്‌സിറ്റി പദ്ധതിയിൽനിന്ന് പിൻവാങ്ങാൻ ടീകോം അഭ്യർഥിച്ചപ്പോൾ സർക്കാർ അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. സംസ്‌ഥാനത്തിൻ്റെ താൽപര്യം പൂർണമായും സംരക്ഷിക്കുന്നതാണ് സർക്കാർ നിലപാട്. ഇപ്പോഴത്തെ വിലയിൽ ഭൂമി എറ്റെടുക്കില്ല. 91.52 കോടിരൂപയാണ് അന്നത്തെ വില. അത് അതുപോലെ നിൽക്കും. അല്ലെങ്കിൽ ടീകോമിന് ഉയർന്ന വില കൊടുക്കേണ്ടിവരും. ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറില്ല. ബാജു ജോർജ്ജ് കരാറിൽ ഒപ്പിട്ടില്ല. വിഷയം അറിയാവുന്ന ഒരാൾ എന്ന നിലയിൽ ഉൾപ്പെടുത്തിയതാണെന്നും പി.രാജീവ് പറഞ്ഞു.
യുഡിഎഫ് ഭരണകാലത്ത് ഇൻഫോപാർക്ക് ഉൾപ്പെടെ ദുബായ് കമ്പനിക്ക് കൈമാറാൻ ശ്രമിച്ചപ്പോൾ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയുടെ ഇപ്പോഴത്തെ ആക്ഷേപങ്ങൾ പരിഹാസ്യമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന് ഗുണകരമായ വിധം സ്‌മാർട്ട്‌സിറ്റി ഭൂമി പ്രയോജനപ്പെടുത്തും. സ്ഥലത്തിനായി പ്രമുഖ കമ്പനികൾ കാത്തുനിൽക്കുകയാണ്. കൃത്യമായ മാനദണ്ഡപ്രകാരം സ്ഥലം വിതരണംചെയ്യും. നിയമാനുസൃത നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. രേഖകളും വസ്‌തുതയും പരിശോധിക്കാതെയാണ് ആരോപണങ്ങളെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.