16 കിലോമീറ്റർ നീളുന്ന കാനനയാത്ര ആസ്വദിക്കണമെങ്കിൽ വയനാട്ടിലെ മുത്തങ്ങയിലേക്ക് പോകണം. കര്‍ണ്ണാടകയും തമിഴ്നാടുമായി ചേരുന്ന വയനാടിന്റെ അതിര്‍ത്തിയില്‍ രണ്ടു ഭാഗങ്ങളിലായി ചിതറികിടക്കുന്ന വന്യജീവി സങ്കേതമാണ് മുത്തങ്ങ. വടക്കു കിഴക്കായി തോല്‍പ്പെട്ടി, കുറിച്യാട് റേഞ്ചുകളിലും, തെക്കു കിഴക്കായി സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ റേഞ്ചുകളിലുമായി 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ സംരക്ഷിത വനപ്രദേശം. ആന പരിശീലന കേന്ദ്രവും, മ്യൂസിയവും കാനന സഫാരിയുമുള്ള ഇവിടെ പ്രകൃതിയോടിണങ്ങി യാത്ര ചെയ്യുന്ന സഞ്ചാരികളുടെ പറുദീസ കൂടിയാണ്. മുത്തങ്ങ ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്ന് തുടങ്ങി ഘോരവനത്തിലെ മരഗ്ഗദ്ദ വഴി സംസ്ഥാന അതിർത്തിക്കിപ്പുറത്ത് ദേശീയപാത വഴി യാത്ര തുടങ്ങിയിടത്ത് എത്തുന്നതാണ് സഫാരി. പച്ചപ്പില്‍ മുങ്ങി നില്ക്കുന്ന കാടും ഓടിനടക്കുന്ന മാന്‍കൂട്ടങ്ങളും നാനാജാതി കിളികളുടെ ശബ്ദവുമെല്ലാം നിറഞ്ഞു തുളുമ്പുന്ന ഈ പറുദീസയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഒരിക്കലും നിലയ്ക്കാറില്ല.
കര്‍ണ്ണാടകയിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന മുത്തങ്ങ വന്യജീവി സംരക്ഷിതപ്രദേശം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്. വനമേഖലക്കകത്തും പുറത്തുമായി താമസിക്കുന്ന ഗിരിവര്‍ഗ്ഗക്കാരുടെയും മറ്റു കര്‍ഷകരുടെയും ജീവിത ശൈലിയും, വനസംരക്ഷണവും യോജിപ്പിച്ച ഒരു ഭരണ സംവിധാനത്തിനാണ് ഈ സംരക്ഷിത മേഖലാ അധികൃതര്‍ ഊന്നല്‍ നല്‍കുന്നത്. മൂന്നു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ആനത്താര ഉളളതിനാല്‍ ഈ പ്രദേശം ‘പ്രോജക്ട് എലിഫന്റി’ന്റെ ഭാഗമാണ്.
കടുവകളുടെയും പുള്ളിപ്പുലികളുടെയും ആവാസ കേന്ദ്രമാണ് ഇവിടം. കാട്ടുപോത്ത്, പുള്ളിമാന്‍, മ്ലാവ് എന്നിവയും കാണാം. ആര്‍ദ്ര ഇലപൊഴിയും കാടുകളും നിത്യഹരിത വിഭാഗങ്ങളിലും പെട്ട കാടുകള്‍ ഉള്ളതിനാല്‍ പക്ഷികള്‍, ചിത്രശലഭങ്ങള്‍, മറ്റു ഉരഗങ്ങള്‍, സസ്തനികള്‍ എന്നിവയും ധാരാളമായുണ്ട്. മുത്തങ്ങയിലേക്കുള്ള യാത്രയില്‍ തന്നെ വഴിയരികില്‍ വന്യജീവികളെ കാണാം. വനമേഖലയുടെ സംരക്ഷണത്തിനായി മുത്തങ്ങ വഴി കര്‍ണ്ണാടകയിലേക്കു രാത്രി വാഹനയാത്രയ്ക്കു വിലക്കു ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുത്തങ്ങയിൽ സഞ്ചാരികള്‍ക്കുള്ള താമസ സൗകര്യങ്ങളും മരങ്ങളിൽ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. ഈ ഭാഗങ്ങളില്‍ ഒട്ടേറെ ട്രെക്കിങ് റൂട്ടുകളും ഉണ്ട്.