ജസ്റ്റിസ് ഹേമ കമ്മിറ്റി കൈമാറിയ റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല. വിവരങ്ങൾ പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചതിനാൽ ഇന്ന് ഉത്തരവ് പുറത്തിറക്കില്ലെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് പൂഴ്ത്തിയത് നേരത്തെ അപേക്ഷ നൽകിയ മാധ്യമപ്രവർത്തകരോട് ഇന്ന് രാവിലെ 11 മണിയോടെ ഉത്തരവ് കൈപ്പറ്റാൻ വിവരാവകാശ കമ്മിഷൻ നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചത്. തുടർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ ഇന്ന് പുറത്തുവിടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതാണ് ഹേമ കമ്മിറ്റി രൂപീകരണത്തിലേക്ക് എത്തിച്ചത്. അതേ വർഷം ജൂലൈ ഒന്നിന് ഹേമ കമ്മിറ്റി നിലവിൽ വന്നു. സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു ആവശ്യം. രണ്ടുവർഷത്തിനുശേഷം 2019 ഡിസംബർ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.