ചക്ക വറുത്തത് മലയാളികളുടെ ഒരു പ്രിയ വിഭവമാണ്. എന്നാൽ പലപ്പോഴും ചക്ക വറുത്തു കഴിഞ്ഞാൽ കുഴഞ്ഞു പോയി വിചാരിച്ചത്ര രുചിയില്ല എന്നൊക്കെയാണ് എല്ലാവരുടെയും പരാതി ആ പരാതി പരിഹരിക്കാൻ ഇതാ ഒരു മാർഗ്ഗം.
ആദ്യം തന്നെ ചുള വൃത്തിയാക്കി നീളത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അധികം മൂക്കാത്ത ചക്ക നോക്കി വേണം ചിപ്സ് തയ്യാറാക്കാനായി തിരഞ്ഞെടുക്കാൻ. അതല്ലെങ്കിൽ തയ്യാറാക്കി കഴിയുമ്പോൾ ബലം കൂടുതലായി വരും. ചിപ്സ് തയ്യാറാക്കാൻ ആവശ്യമായ ചക്കച്ചുളകൾ വൃത്തിയാക്കി എടുത്തശേഷം വേണം വറുക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തെടുക്കാൻ. അത്യാവിശ്യം അടി കട്ടിയുള്ള ഒരു പരന്ന ഉരുളിയോ മറ്റോ ഉപയോഗിക്കുന്നതാണ് ചക്ക വറുക്കാൻ ഏറ്റവും നല്ലത്. അതല്ലെങ്കിൽ എണ്ണ പെട്ടെന്ന് ചൂടായി ചക്ക ചിപ്സ് കരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ചിപ്സ് വറുത്തെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി തുടങ്ങിയാൽ അതിലേക്ക് ഒരു പിടി അളവിൽ വൃത്തിയാക്കിവെച്ച ചക്കച്ചുളയുടെ കഷണങ്ങൾ ഇട്ടുകൊടുക്കാവുന്നതാണ്. ചുളയുടെ നിറം ചെറുതായി മാറി തുടങ്ങുമ്പോൾ തന്നെ ആവശ്യത്തിന് ഉപ്പുവെള്ളം കൂടി തളിച്ച് ഒന്നുകൂടി വറുത്ത ശേഷം ചിപ്സ് എണ്ണയിൽ നിന്നും വറുത്ത് കോരാവുന്നതാണ്. ഇതേ രീതിയിൽ രണ്ടോ മൂന്നോ തവണയായി വൃത്തിയാക്കി വെച്ച ചക്കച്ചുള കഷണങ്ങൾ വറുത്തെടുത്തു മാറ്റി വയ്ക്കുക. ശേഷം അതേ എണ്ണയിലേക്ക് തന്നെ തയ്യാറാക്കി വെച്ച ചക്ക ചിപ്സ് ഒരിക്കൽ കൂടി ഇട്ടശേഷം നിറം മാറുന്നത് വരെ ഇട്ട് വറുത്തെടുക്കുക.