കത്തോലിക്കാ സഭയുടെ കര്‍ദിനാളായി അധികാരമേറ്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കാര്‍മികത്വം വഹിച്ചത്. വൈദികനായിരിക്കെ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ പുരോഹിതനായിരിക്കുകയാണ് മാര്‍ ജോര്‍ജ് ജേക്കബ്. കർദിനാൾ തിരുസംഘത്തിൽ ഒരേ സമയം മൂന്നു മലയാളികൾ വരുന്നത് ഇതാദ്യമായിട്ടാണ്.
കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന 21 പേരെ അഭിസംബോധന ചെയ്ത് മാര്‍പാപ്പ സംസാരിച്ചു. സഭയോടുള്ള വിശ്വാസവും കൂറും പ്രഖ്യാപിക്കുന്ന സത്യപ്രതിജ്‍ഞ ഏറ്റുച്ചൊല്ലി. അതിനു ശേഷമാണ് മാര്‍പാപ്പ കർദിനാളുമാരെ സ്ഥാന ചിഹ്നങ്ങൾ ധരിപ്പിച്ചത്. ഇരുപതാമനായാണ് മാർ ജോർജ് ജേക്കബ് കൂവക്കാടിനെ സീറോ മലബാര്‍ സഭയുടെ സ്ഥാന ചിഹ്നങ്ങൾ അണിയിച്ചത്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കറുപ്പിലും ചുവപ്പിലും വരുന്നതായിരുന്നു ജേര്‍ജ് ജേക്കബിന്‍റെ തലപ്പാവ്. കൂടാതെ പത്രോസിന്റെയും പൗലോസിന്റെയും ചിത്രങ്ങൾ പതിച്ചതായിരുന്നു മോതിരം.
ദൈവത്തിന് എളിമയോടെ ഹൃദയം സമര്‍പ്പിക്കാന്‍ കര്‍ദിനാള്‍മാരോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് സഭയുടെ ദൗത്യം. ലോകത്തിന്റെ പ്രശ്‌നങ്ങളില്‍ മനസ്സ് വിഷമിക്കുന്ന അവസ്ഥ ഉണ്ടായിരിക്കണം. ലോകത്തിന്റെ വഴികളിലാണ് സഭയുള്ളത്. വാതിലടയ്ക്കരുത്. ഒളിക്കരുത്. ലോകത്തോടൊപ്പം നടക്കണം. കണ്ണീരൊപ്പാന്‍ സഭയുണ്ടായിരിക്കണം- മാര്‍പാപ്പ പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരുടെയും സാന്നിധ്യത്തിലാണ് തിരുക്കര്‍മ്മങ്ങള്‍. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള സഭാ പിതാക്കന്മാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.