2019 ൽ അഗ്നിക്കിരയായ പാരിസിലെ നോത്രദാം ദേവാലയം പുനര്‍നിര്‍മാണത്തിനുശേഷം ശനിയാഴ്ച ഔദ്യോഗികമായി വീണ്ടും തുറക്കുകയാണ്. 2019 ഏപ്രിലില്‍ ഉണ്ടായ ഗുരുതരമായ തീപിടുത്തത്തെത്തുടര്‍ന്നു നീക്കിയ 14-ാം നൂറ്റാണ്ടിലെ കന്യകയുടെയും കുട്ടിയുടെയും പ്രതിമ വെള്ളിയാഴ്ച കത്തീഡ്രലില്‍ പുനഃസ്ഥാപിക്കപ്പെടുന്നതോടെയാണ് ആഘോഷങ്ങളുടെ ആരംഭം. ഫ്രഞ്ച് ഗോതിക് വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്ന നിർമിതിയാണ് നോത്രദാം. ബിഷപ്പ് മൗറീസ് ഡി സുള്ളിയുടെ കീഴിൽ 1163 ൽ കത്തീഡ്രലിൻ്റെ നിർമാണം ആരംഭിച്ചു, 1260 ഓടെ ഇത് പൂർത്തീകരിച്ചു. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ഇത് പലവട്ടം പരിഷ്‌കരിച്ചു. 1790 കളില്‍, ഫ്രഞ്ച് വിപ്ലവകാലത്ത് ഇവിടെയുള്ള മതപരമായ ചിത്രങ്ങളില്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിൽ, നെപ്പോളിയൻ്റെ കിരീടധാരണത്തിനും ഫ്രഞ്ച് റിപ്പബ്ലിക്കിൻ്റെ പല പ്രസിഡൻ്റുമാരുടെയും ശവസംസ്കാര ചടങ്ങുകൾക്കും കത്തീഡ്രൽ ആതിഥേയത്വം വഹിച്ചു. 1844 നും 1864 നും ഇടയിൽ ഫ്രഞ്ച് വാസ്തുശില്പി യൂജിന്‍ വയോലെറ്റ് ലെ ഡക്ക് ആണ് പള്ളി ഇതിനുമുമ്പ് അവസാനമായി പുതുക്കി പണിതത്.
പിന്നീട്, 2019 ഏപ്രിലിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും, കത്തീഡ്രൽ അഞ്ച് വർഷത്തേക്ക് അടച്ചിടുകയും ചെയ്തു. പാരിസ് ആർച്ച് ബിഷപ്പും ഫ്രാൻസ് പ്രസിഡൻ്റും പങ്കെടുക്കുന്ന ഔപചാരിക ചടങ്ങുകളോടെ ഡിസംബർ 7 ശനിയാഴ്ച കത്തീഡ്രൽ വീണ്ടും തുറക്കും, ഡിസംബർ 8 ന് പൊതുജനങ്ങൾക്കായി തുറക്കും. ഞായറാഴ്ച രാവിലെ ഏകദേശം 10.30ന് (4.30 am ET) ഉദ്ഘാടന കുർബാന നടക്കും, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ചടങ്ങില്‍ പങ്കെടുക്കും. വിശുദ്ധജലം ആശീർവദിച്ച ശേഷം, ആർച്ച് ബിഷപ്പ് അത് സഭയ്ക്കും തുടർന്ന് അൾത്താരയ്ക്കും മുകളിൽ തളിക്കും.
പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്ന രണ്ടാമത്തെ കുർബാന ഞായറാഴ്ച വൈകീട്ട് നടക്കും. പുനരാരംഭിച്ചതിന് ശേഷമുള്ള എട്ട് ദിവസങ്ങളിൽ, പ്രത്യേക സായാഹ്ന ചടങ്ങുകളോടൊപ്പം ദിവസത്തിൽ രണ്ടുതവണ കുർബാന നടക്കും. ഡിസംബർ 17, 18 തീയതികളിൽ, കത്തീഡ്രലിൽ ജോഹാൻ സെബാസ്റ്റ്യൻ ബാച്ചിന്റെ “മാഗ്നിഫിക്കറ്റ്” കച്ചേരി നടക്കും. ഡിസംബർ 8 ന് ശേഷം, സന്ദർശനങ്ങൾ സൗജന്യമാണ്, എന്നാൽ മുൻകൂട്ടി റിസർവ് ചെയ്തിരിക്കണം. ബുക്കിങ് സംബന്ധിച്ച വിവരങ്ങൾ കത്തീഡ്രൽ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അമേരിക്കന്‍ മരപ്പണിക്കാര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള രണ്ടായിരത്തിലധികം കരകൗശലത്തൊഴിലാളികളെ പുനരുദ്ധാരണത്തിന് സഹായിക്കാന്‍ എത്തിച്ചിരുന്നു. രാജ്യത്തെ അതിസമ്പന്നരായ ചില വ്യവസായികൾ ഇതിനായി കോടിക്കണക്കിനു യൂറോ ചെലവഴിച്ചു. കൂടാതെ, 250 കമ്പനികളും നൂറുകണക്കിന് വിദഗ്ധരും പുനരുദ്ധാരണത്തിനായി അണിനിരന്നു.
പാരിസ് നഗരത്തിന്റെയും ഫ്രഞ്ച് രാഷ്ട്രത്തിന്റെയും പരക്കെ അംഗീകരിക്കപ്പെട്ട പ്രതീകമാണ് കത്തീഡ്രൽ. 1805 ൽ ഇതിന് മൈനർ ബസിലിക്ക എന്ന ബഹുമതി ലഭിച്ചു. പടിഞ്ഞാറോട്ട് ദർശനമായി നിൽക്കുന്ന ഈ ദേവാലയത്തിന് 128 മീറ്റര്‍ നീളവും 69 മീറ്റര്‍ ഉയരവും ഉണ്ട്. ചരിത്ര സ്മാരകം എന്ന നിലയിലും ഈ ദേവലയം പ്രസിദ്ധമാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന 850 വർഷം പഴക്കമുള്ള കെട്ടിടമാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെയും തുടക്കത്തിൽ, ഏകദേശം 12 ദശലക്ഷം ആളുകൾ പ്രതിവർഷം നോത്രദാം സന്ദർശിച്ചു, അതോടെ ഇത് പാരിസിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്മാരകമായി മാറി. വീണ്ടും തുറക്കുന്നതോടെ കത്തീഡ്രൽ ഓരോ വർഷവും 15 ദശലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
STORY HIGHLLIGHTS: notre-dame-cathedral-reopening