തിരുവനന്തപുരം വെളളനാട് ആനക്കൊമ്പ് വിൽപനയ്ക്കെത്തിയ സംഘം വനംവകുപ്പിന്റെ പിടിയിൽ. മേമല സ്വദേശി വിനീത് 31 വെള്ളനാട് സ്വദേശി നിബു ജോൺ 33 എന്നിവരാണ് മോഷ്ഠിച്ചെടുത്ത ആനകൊമ്പുമായി പിടിയിലായത്. വെള്ളനാട് ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരെയും വനവകുപ്പിന്റെ സ്പെഷ്യൽ ഫ്ളയിങ്ങ് സ്ക്വാഡ് വലയിലാക്കിയത്. ഇവരുടെ പക്കൽനിന്ന് 4 കിലോയോളം തൂക്കംവരുന്ന രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തു. രാവിലെ മുതൽ രഹസ്യ വിവരത്തെ തുടർന്ന് സ്ക്വാഡ് നിരീക്ഷണം പ്രദേശത്തുണ്ടായിരുന്നു. ഇതിനിടെ രാത്രിയോടെയാണ് ഇരുവരും പ്രത്യേക സംഘത്തിന്റെ വലയിലായത്. ബൈക്കിലെത്തിയ യുവാക്കൾ ക്ഷേത്രത്തിന് സമീപത്തുവെച്ച് ആനക്കൊമ്പ് കൈമാറാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് അധികൃതർ പിടികൂടുകയായിരുന്നു. ഫോറസ്റ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച വിവരത്തിൽ നിരീക്ഷണത്തിൽ ആയിരുന്നു ഇരുവരും. തുടർന്ന്ഫ്ലയിങ് സ്ക്വാദ് ഡി എഫ് ഓ ശ്രീലേഖയുടെ നേതൃത്വത്തിൽ ആയിരുന്നു ആനക്കൊമ്പ് പിടികൂടിയത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു. ആനക്കൊമ്പ് നഗരത്തിലെ ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്നാണ് പ്രതികൾ നൽകിയ മൊഴി.