ഇനി ഏത്തക്ക എളുപ്പത്തിൽ വറുത്തെടുത്താലോ? വളരെ എളുപ്പത്തിൽ രുചികരമായി ഏത്തക്ക എങ്ങനെയാണ് വറുത്തെടുക്കുന്നത് എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പച്ച ഏത്തക്ക 1/2 കിലോ
- വെളിച്ചെണ്ണ 200 മില്ലി
- മഞ്ഞൾപൊടി 3/4 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഏത്തക്കായുടെ തൊലി കളഞ്ഞ് നടുവിൽകൂടി 4 ആയി മുറിക്കുക. എന്നിട്ട് കനം കുറച്ചു ഓരോന്നോരോന്നായി മുറിക്കുക. ഒരു പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് അതിൽ 1/4 ടീസ്പൂൺ മഞ്ഞൾപൊടിയും ഇടുക. മുറിച്ചുവച്ച ഏത്തക്ക കഷ്ണങ്ങൾ ഇതിൽ ഒരു 5 മിനുട്ട് ഇട്ടുവയ്ക്കുക. പിന്നെ കഷ്ണങ്ങൾ മാറ്റി വക്കുക. ഏത്തക്കാടെ കറ കളയാനാണ് ഇങ്ങനെ ചെയ്യുന്നത്. വേറൊരു പാത്രത്തിൽ കുറച്ചു വെള്ളവും, ഉപ്പും, ബാക്കിയുള്ള 1/2 ടീസ്പൂൺ മഞ്ഞൾപൊടിയും കലക്കിവക്കുക (വെള്ളം വളരെക്കുറച്ചു മതി).
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടായാൽ നമുക്ക് ഏത്തക്ക കുറച്ച് കുറച്ചായി ഇട്ടു കൊടുക്കാം. മീഡിയം ഫ്ലമിൽ ചെയ്താൽ മതി. ആദ്യം പിന്നെ ആവശ്യാനുസരണം തീ കൂട്ടുകയും, കുറക്കുകയും ചെയ്യാം. നന്നായി ഇളക്കി കൊടുക്കണം. ഏകദേശം 3/4 ഭാഗം വേവായാൽ കലക്കിവെച്ച വെള്ളത്തിൽ നിന്നും കുറച്ചു ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ഓരോ തവണ വറുക്കുമ്പോഴും ഇങ്ങനെ ചെയ്യുക. വീണ്ടും ഒന്ന് നന്നായി ഇളക്കികൊടുക്കുക. മൂപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ടി ഷൂ പേപ്പറിലേക്കു മാറ്റി വക്കാം.