Sports

കൂച്ച് ബെഹാര്‍ ട്രോഫി; ജാര്‍ഖണ്ഡ് ഭേദപ്പെട്ട സ്‌കോറിലേക്ക്

തിരുവനന്തപുരം മംഗലപുരം കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ മികച്ച പ്രകടനവുമായി ജാര്‍ഖണ്ഡ്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ജാര്‍ഖണ്ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെന്ന നിലയിലാണ്. നേരത്തെ ജാര്‍ഖണ്ഡ് 153 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയിരുന്നു.

ക്യാപ്റ്റന്‍ ബിശേഷ് ദത്തയും വത്സല്‍ തിവാരിയും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് രണ്ടാം ഇന്നിങ്‌സില്‍ ജാര്‍ഖണ്ഡിന് കരുത്തായത്. ഇരുവരും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 216 റണ്‍സ് പിറന്നു. ബിശേഷ് ദത്ത 143 റണ്‍സ് നേടിയപ്പോള്‍ വത്സല്‍ തിവാരി 92 റണ്‍സെടുത്തു. 20 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ബിശേഷ് ദത്തയുടെ ഇന്നിങ്‌സ്. ഇരുവരും പുറത്തായതോടെ നാല് വിക്കറ്റുകള്‍ കൂടി വീഴ്ത്തി കേരള ബൌളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കി. കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 328 റണ്‍സെന്ന നിലയിലാണ് ജാര്‍ഖണ്ഡ്. ജാര്‍ഖണ്ഡിനിപ്പോള്‍ 175 റണ്‍സിന്റെ ലീഡാണുള്ളത്. കേരളത്തിന് വേണ്ടി തോമസ് മാത്യു മൂന്ന് വിക്കറ്റും അഹ്മദ് ഇമ്രാന്‍, കാര്‍ത്തിക്, അബിന്‍ ലാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.