ആരോഗ്യം നിലനിര്‍ത്താം ഈന്തപ്പഴത്തിലൂടെ…

ആരോഗ്യകരമായ ശീലം എപ്പോഴും നിങ്ങളുടെ ജീവിതത്തെ വളരെ ഈസിയാക്കുന്നു. പ്രത്യേകിച്ച് ഭക്ഷണശീലം അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ആരോഗ്യം എപ്പോഴും മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കും.
ആരോഗ്യ ഗുണങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ അല്‍പം കൂടുതല്‍ തന്നെയാണ് ഡ്രൈഫ്രൂട്സില്‍. ഡ്രൈഫ്രൂട്സില്‍ പ്രധാനി ഈന്തപ്പഴമാണ്.
പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഈന്തപ്പഴത്തിനു മധുരം മാത്രമല്ല നാരുകള്‍, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ പല തരത്തില്‍ സഹായിക്കുന്നു.
ശരീരത്തിന്റെ ആരോഗ്യത്തിനായി, ഒരു ദിവസം നാലോ ആറോ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.

ഈന്തപ്പഴം പ്രകൃതിദത്തവും, നാരുകളുടെ സ്വാദിഷ്ടമായ സ്രോതസ്സുമാണ്, മറ്റ് വിറ്റാമിനുകള്‍ക്കും ധാതുക്കള്‍ക്കുമൊപ്പം ഉയര്‍ന്ന പൊട്ടാസ്യവും വിറ്റാമിന്‍ എയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഇതിലടങ്ങിയ പൊട്ടാസ്യവും, ഫ്രൂട്ട് ഷുഗറും ശരീരത്തിനു വേണ്ടത്ര എനര്‍ജി നല്‍കുന്നു. ഉച്ചയ്ക്ക് ഒരു പിടി ഈന്തപ്പഴം കഴിക്കുന്നത് വഴി എനര്‍ജി ബൂസ്റ്റ് ഉണ്ടാവുന്നു, കൂടാതെ ഈന്തപ്പഴം ഒരു നല്ല ബദല്‍ ചെറു ഭക്ഷണമാണ്.

ആവശ്യത്തിന് സൂര്യപ്രകാശം, വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലാം തന്നെ എല്ലുകളുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്. ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, കോപ്പര്‍ തുടങ്ങിയ ധാതുക്കളുടെ സംയോജനം എല്ലുകളെ ശക്തിപ്പെടുത്തുന്നു, അതോടൊപ്പം ഇതിനെ ഒരു സൂപ്പര്‍ഫുഡാക്കി മാറ്റുന്നു. കാല്‍സ്യം, എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് മിക്ക ആളുകള്‍ക്കും അറിയാം. ഓസ്റ്റിയോപൊറോസിസിനെതിരെ വളരെ നല്ല രീതിയില്‍ പോരാടാന്‍ ഈന്തപ്പഴത്തിനു കഴിയും. എല്ലുകളുടെ ബലം കൂട്ടാന്‍ നോക്കുകയാണെങ്കില്‍ അതിനു ഈന്തപ്പഴം സഹായിക്കും.

ഹൃദയത്തിന്റെ ആരോഗ്യത്തിനു ഇത് വളരെ നല്ലതാണ്. ഈന്തപ്പഴത്തില്‍ പൊട്ടാസ്യം കൂടുതലാണ്, ഇത് നിങ്ങളുടെ ഹൃദയത്തെ ചുറുചുറുക്കോടെ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്.
ഇതിലടങ്ങിയ മഗ്‌നീഷ്യം അതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ട ഒരു ധാതുവാണ്, മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണക്രമം ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിലെ വീക്കം കുറയ്ക്കുന്നു.

ഈന്തപ്പഴം ശരീരത്തില്‍ മെലറ്റോണിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ സഹായിക്കുന്നു. ഈന്തപ്പഴത്തില്‍ നാരുകള്‍ കൂടുതലാണ്, ഇത് ദഹിക്കാന്‍ സമയമെടുക്കുകയും, രാത്രി മുഴുവന്‍ വയറുനിറഞ്ഞതായി തോന്നുകയും ചെയ്യും. ഉറക്കത്തിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് ഒരു പിടി ഈന്തപ്പഴം കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നു.

ശരീരത്തില്‍ ഇരുമ്പിന്റെ അഭാവമുണ്ടെങ്കില്‍, ഈന്തപ്പഴം കഴിക്കുന്നത് വഴി ശരീരത്തെ തിരിച്ചു ട്രാക്കിലേക്ക് കൊണ്ടുവരാന്‍ ഇത് സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ധാതുക്കളുടെ ഏകദേശം 1 മില്ലിഗ്രാം ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഇരുമ്പ് സമ്പുഷ്ടമായ ലഘുഭക്ഷണത്തിനായി ഇനി മുതല്‍ ഈന്തപഴം തിരഞ്ഞെടുക്കാം. ശരീരഭാരം കൂട്ടാനുള്ള ആരോഗ്യകരമായ മാര്‍ഗമാണ് ഈന്തപ്പഴം. മികച്ച പോഷകങ്ങളാല്‍ അടങ്ങിയ ഈ പഴം ആവശ്യമായ കലോറികളാല്‍ നിറഞ്ഞിരിക്കുന്നു.

Tags: HEALTH