പാലോട് ഇളവട്ടത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. ഇരുവരെയും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭർത്താവ് അഭിജിത്ത്, ഇയാളുടെ സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്. ഇരുവരും ചേർന്ന് ഇന്ദുജയെ ശാരീരകമായും മാനസികമായും പീഡിപ്പിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ.
ഇന്ദുജ മരിക്കുന്നതിന് മുൻപ് അവസാനമായി വിളിച്ചത് അജാസിനെയാണ്. ഇന്ദുജയെ ഒഴിവാക്കാൻ അഭിജിത്ത് ശ്രമിച്ചിരുന്നതായും ഇതിനായി സുഹൃത്തായ അജാസിന്റെ സഹായവും തേടിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തന്റെ സുഹൃത്ത് അജാസ് ഇന്ദുജയെ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് അഭിജിത്ത് മൊഴി നല്‍കിയിട്ടുണ്ട്. അഭിജിത്തിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യ പ്രേരണാക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയശേഷമാകും കൂടുതൽ തെളിവെടുപ്പ്.
ഇളവട്ടത്തെ ഭർതൃഗൃഹത്തിലാണ് ഇന്ദുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളി ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണത്തിന് എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടതെന്ന് അഭിജിത്ത് പോലീസിനോട് പറഞ്ഞു. അഭിജിത്തിന്റെ അമ്മ പൈങ്കിളിയും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
STORY HIGHLIGHT: palode bride death