കേരള സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഓര്‍മ്മയായി പണ്ട് നാട് ഭരിച്ചിരുന്ന രാജാക്കന്മാരുടെ കൊട്ടാരങ്ങള്‍ ഇന്നും ചരിത്ര സ്മാരകമായി നിലകൊള്ളുന്നു. വരും തലമുറയ്ക്ക് പഴമയെ കുറിച്ചറിയാന്‍ ഇനി ഇത്തരത്തിലുള്ള സ്മാരകങ്ങള്‍ക്കെ കഴിയൂ. കേരളത്തിലെ പ്രധാന ചരിത്ര സ്മാരക കൊട്ടാരങ്ങളാണ് കുതിര മാളിക കൊട്ടാരം, കോയിക്കല്‍ കൊട്ടാരം, കിളിമാനൂര്‍ കൊട്ടാരം, കൃഷ്ണപുരം കൊട്ടാരം, മട്ടാഞ്ചേരി ഡച്ച് കൊട്ടാരം
തിരുവനന്തപുരത്തു കിഴക്കേകോട്ടയിലാണ് കുതിര മാളിക കൊട്ടാരം. കിഴക്കേകോട്ടയിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും അധികം ദൂരെയല്ലാതെയാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂറിന്റെ മാത്രമല്ല കര്‍ണാടക സംഗീതലോകത്തിലെയും മഹാരാജാവായി വാണിരുന്ന സ്വാതിതിരുനാള്‍ രാമവര്‍മ്മ തിരുമനസ്സിന്റെ ഭരണകാലത്താണ് കുതിരമാളിക എന്നറിയപ്പെടുന്ന കൊട്ടാരത്തിന്റെ നിര്‍മ്മാണം നടന്നത്. കൗതുകമുണര്‍ത്തുന്ന പുരാവസ്തുക്കളുടെയും അപൂര്‍വ്വമായ പെയിന്റിംഗുകളുടെയും ശേഖരമുള്ള ഒരു കാഴ്ചബംഗ്ലാവു കൂടിയാണ് കുതിരമാളിക.
ചാരുതയാര്‍ന്ന വാസ്തുശൈലിയില്‍ നിര്‍മ്മിതമായ ഈ ഇരുനിലസൗധത്തിനു മുന്നിലെ നവരാത്രിമണ്ഡപം സംഗീതകച്ചേരികള്‍ക്കുള്ള ഒരു സ്ഥിരം വേദിയാണ്. ആധുനിക ശബ്ദ ക്രമീകരണ സംവിധാനങ്ങള്‍ പ്രചാരത്തില്‍ വരുന്നതിനുമുമ്പ് നിര്‍മ്മിക്കപ്പെട്ട ഈ മണ്ഡപത്തില്‍ ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നതിലേക്കായി മേല്‍ത്തട്ടില്‍ നിന്ന് കമഴ്ത്തി തൂക്കിയിട്ട നിലയില്‍ അന്‍പതു മണ്‍കുടങ്ങള്‍ കാണാവുന്നതാണ്. വേദിയില്‍ നിന്നുള്ള ശബ്ദങ്ങള്‍ കുറ്റമറ്റ നിലയില്‍ സദസ്യര്‍ക്കു അനുഭവവേദ്യമാക്കുന്നത് ഇവയാണ്. കുതിരയുടെ ആകൃതിയില്‍ നിരനിരയായി തെക്കു ഭാഗത്തായി ഘടിപ്പിച്ചിട്ടുളള ശില്പങ്ങളുടെ സമുച്ചം കൊണ്ടാണ് ഈ പേര് നല്‍കിയത്.
നാടന്‍ കലാമ്യൂസിയം, പുരാതന നാണ്യശേഖര മ്യൂസിയം എന്നിവയ്ക്കു പ്രസിദ്ധമാണ് തിരുവനന്തപുരം നെടുമങ്ങാട്ടെ കോയിക്കല്‍ കൊട്ടാരം. 1677 – 1684 കാലത്ത് നിര്‍മ്മിച്ചതാണ് ഈ കൊട്ടാരം. കേരളത്തിന്റെ പൗരാണിക ചരിത്രത്തിലേക്കു വെളിച്ചം വീശുന്നതാണ് ഇവിടത്തെ പുരാവസ്തു ശേഖരം. വള്ളത്തിന്റെ ആകൃതിയില്‍ വളഞ്ഞ മേല്‍ക്കൂരയുള്ള രണ്ടു നിലകളുള്ള കെട്ടിടമാണ് ഈ കൊട്ടാരം. 1992-ലാണ് ഇവിടെ നാടന്‍കലാ മ്യൂസിയം ആരംഭിച്ചത്. കേരളത്തില്‍ ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍, നാടന്‍കലകളുടെ മാതൃകകള്‍, അവയുടെ വേഷവിധാനങ്ങളും ആഭരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചന്ദ്രവളയം എന്ന സംഗീത ഉപകരണം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത് ഇവിടെ മാത്രമാണ്. രാമകഥാപ്പാട്ട് അവതരിപ്പിക്കുമ്പോള്‍ താളമിടാന്‍ ഉപയോഗിക്കുന്നതാണ് ഈ ചന്ദ്രവളയം.
ഭഗവാന്‍ ശ്രീരാമന്റെ കഥ നാടന്‍പാട്ടു രൂപത്തില്‍ ചൊല്ലി അവതരിപ്പിക്കുന്ന വാമൊഴി കലാരൂപമാണ് രാമകഥാപ്പാട്ട്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ പണ്ടു കാലത്ത് ഉപയോഗിച്ചു വന്ന ആടയാഭരണങ്ങളും പട്ടുവസ്ത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. താളിയോലകളുടെ ശേഖരവും പ്രദര്‍ശനത്തിനുണ്ട്. കേരളത്തിന്റെ പുരാതനവാണിജ്യ ബന്ധവും, തനതു നാണയവ്യവസ്ഥയുടെ ചരിത്രവും വ്യക്തമാക്കുന്ന, കേരളത്തില്‍ നിന്നു ലഭിച്ച പുരാതന നാണയങ്ങളുടെ ശേഖരമാണ് ന്യൂമിസ്മാറ്റിക്സ് മ്യൂസിയത്തില്‍. കേരളത്തിന്റെ തന്നെ പഴയ നാണയങ്ങളായ ഒറ്റപുത്തന്‍, ഇരട്ട പുത്തന്‍, കലിയുഗരായന്‍ പണം എന്നിവ ഇവിടെ കാണാം.
യേശു ക്രിസ്തുവിനു സമ്മാനിക്കപ്പെട്ടു എന്നു പ്രസിദ്ധമായ (ബൈബിളില്‍ വിവരിച്ചിട്ടുള്ള) അമൈദ എന്ന നാണയവും ഈ ശേഖരത്തിലുണ്ട്. 2500 വര്‍ഷം പഴക്കമുള്ള ഹര്‍ഷന്റെ കാലത്തെ നാണയങ്ങള്‍, രാശി (ലോകത്തെ ഏറ്റവും ചെറിയ നാണയം), റോമാ സാമ്രാജ്യത്തില്‍ നിലവിലുണ്ടായിരുന്ന നാണയങ്ങള്‍, ഇന്ത്യയില്‍ മറ്റു രാജവംശങ്ങളും. ലോകമാകെയുള്ള പഴയ രാജഭരണകൂടങ്ങളും ഉപയോഗിച്ചതും ആയ നാണയങ്ങള്‍ മ്യൂസിയത്തില്‍ കാണാം. ഇവയെല്ലാം കേരളത്തില്‍ നിന്നു ലഭിച്ചവയാണ്. കേരളത്തിന്റെ പുരാതനകാലത്തെ വാണിജ്യവ്യാപ്തി സൂചിപ്പിക്കുന്നവയാണിവയെല്ലാം.
നാനൂറോളം വര്‍ഷം പഴക്കമുളള തിരുവനന്തപുരത്തെ കിളിമാനൂര്‍ കൊട്ടാരം ലോക പ്രശസ്ത ചിത്രകാരനായിരുന്ന രവിവര്‍മ്മയുടെ ജന്മഗൃഹമാണ്. അഞ്ചാം വയസ്സു മുതല്‍ ഈ ചുവരുകളിലാണ് കരിക്കഷണം കൊണ്ട് അദ്ദേഹം ചിത്രമെഴുത്ത് തുടങ്ങിയത്. മുതിര്‍ന്ന ശേഷം ചിത്രരചനയ്ക്കായി ഉപയോഗിച്ചിരുന്ന പുത്തന്‍ മാളികയും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രശാലയും സംരക്ഷണത്തിന്റെ ഭാഗമായി നവീകരിച്ചു കൊണ്ടിരിക്കുന്നു. പതിനഞ്ച് ഏക്കറില്‍ കേരളീയ ശൈലിയിലുളള നാലുകെട്ടും കുളങ്ങളും കാവുമെല്ലാം ചേര്‍ന്നതാണ് ഈ കൊട്ടാരം.
ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുളളതില്‍ വെച്ച് ഏറ്റവും വലിയ ചുവര്‍ച്ചിത്രമായ ഗജേന്ദ്രമോക്ഷം കൃഷ്ണപുരം കൊട്ടാരത്തിലാണുളളത്. 49 ചതുരശ്ര മീറ്ററാണ് ഈ ചുവര്‍ചിത്രത്തിന്റെ വലിപ്പം. മഹാവിഷ്ണുവിനെയും മറ്റു ദേവഗണങ്ങളെയും തൊഴുന്ന ഒരു ഗജവീരനാണ് ചിത്രത്തില്‍. കായംകുളം രാജവംശത്തിന്റെ കുലദേവതയായിരുന്നു മഹാവിഷ്ണു. കേരളീയവാസ്തുവിദ്യയുടെ ഉദാത്തമായ ശൈലിയാണ് കൃഷ്ണപ്പുരം കൊട്ടാരത്തിന്റെ നിര്‍മ്മിതിയില്‍ കാണാനാവുക. ഈ കൊട്ടാരത്തിന്റെ കാലപ്പഴക്കം കൃത്യമായി കണക്കാക്കിയിട്ടില്ല. 18ാം നൂറ്റാണ്ടില്‍ പുതുക്കിപ്പണിത കൊട്ടാരം ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളില്‍ പെടുന്നു.
എറണാകുളത്താണ് ഡച്ച് പാലസ് എന്നിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം സ്ഥിതിചെയ്യുന്നത്. കേരളീയ, കൊളോണിയല്‍ വാസ്തുശൈലിയില്‍ തീര്‍ത്ത മനോഹരമായ ഒരു ചരിത്ര സ്മാരകമാണിത്. എറണാകുളത്തു നിന്ന് 12 കി. മീ. അകലെ മട്ടാഞ്ചേരിയിലാണിത്. കൊച്ചി മഹാരാജാവായ വീര കേരളവര്‍മ്മയ്ക്കു സമ്മാനമായി നല്‍കാന്‍ 1545-ല്‍ പോര്‍ട്ടുഗീസുകാരാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്.
നൂറു വര്‍ഷത്തിനു ശേഷം കൊച്ചിയില്‍ സ്വാധീനമുറപ്പിച്ച ഡച്ചുകാര്‍ ശ്രദ്ധേയമായ അറ്റകുറ്റപ്പണികള്‍ നടത്തിയതിനാല്‍ ഇതിനെ ഡച്ചു കൊട്ടാരമെന്നാണ് പിന്നീട് വിളിച്ചു വരുന്നത്. മധ്യത്തില്‍ പരമ്പരാഗത രീതിയിലുള്ള നാലുകെട്ടും, നീണ്ട അകത്തളങ്ങളും ഇരട്ട നിലകളുമുള്ള വലിയ നിര്‍മ്മിതിയാണിത്. കൊച്ചി രാജകുടുംബത്തിന്റെ പരദേവതയായ പഴയന്നൂര്‍ ഭഗവതിയെ ഈ കൊട്ടാരത്തിലെ പൂജാമുറിയില്‍ കുടിയിരുത്തിയിട്ടുണ്ടെന്നാണ് വിശ്വാസം.
ചുവര്‍ ചിത്രങ്ങളാല്‍ സമ്പന്നമാണ് ഈ കൊട്ടാരത്തിലെ വിശാലമായ മുറികള്‍. രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളിലെ കഥാസന്ദര്‍ഭങ്ങളും ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹവും കേരളീയ ചുവര്‍ചിത്ര ശൈലിയില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കാളിദാസ നാടകമായ കുമാരസംഭവത്തിലെ ദൃശ്യങ്ങളും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഏകദേശം 300 ചതുരശ്രമീറ്റര്‍ വിസ്തൃതിയുണ്ട് ഈ ചുവര്‍ ചിത്രങ്ങള്‍ക്ക്. 1864 മുതല്‍ കൊച്ചി വാണ രാജാക്കന്മാരുടെ എണ്ണച്ചായ ചിത്രങ്ങള്‍, വാളുകള്‍, കൊത്തുപണി ചെയ്ത പിടികളോടു കൂടിയ കഠാരകള്‍ തുടങ്ങി കിരീടാരോഹണ ചടങ്ങുകള്‍ക്കും മറ്റും ഉപയോഗിക്കുന്ന അലംകൃതമായ കുന്തങ്ങള്‍, വെഞ്ചാമരങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാജാവുപയോഗിച്ചിരുന്ന തലപ്പാവുകള്‍, കിരീടങ്ങള്‍, കൊച്ചി രാജവംശത്തിന്റെ കമ്മട്ടത്തിലടിച്ച നാണയങ്ങള്‍, കൊച്ചിക്കായി ഡച്ചുകാര്‍ തയ്യാറാക്കിയ വികസന പദ്ധതിയുടെ രേഖാചിത്രങ്ങള്‍ എന്നിവയും ഇവിടെ കാണാം.