ബഹ്റൈനും യു.എസും ചേരുന്ന സമഗ്ര സുരക്ഷാ കരാറിൽ യു.കെ ഒപ്പുവെച്ചു. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, യു.കെയുടെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മന്ത്രി ഹാമിഷ് ഫാൽക്കണർ, യു. എസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് നിയർ ഈസ്റ്റേൺ അഫയേഴ്സ് ബാർബറ ലീഫ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ബഹ്റൈനിലെ റിറ്റ്സ്-കാൾട്ടണിൽ നടക്കുന്ന ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) റീജനൽ സെക്യൂരിറ്റി ഉച്ചകോടി 20ാം പതിപ്പ് മനാമ ഡയലോഗ് 2024ന്റെ ഭാഗമായാണ് ഉടമ്പടി ഒപ്പുവെച്ചത്.
ബഹ്റൈന്‍ കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയാണ് മനാമ ഡയലോഗ് സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെ 20ാം പതിപ്പ് ഉദ്ഘാടനം ചെയ്തത്. പ്രാദേശികവും ആഗോളവുമായ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും ഉയര്‍ന്നുവരുന്ന വെല്ലുവിളികൾ നേരിടുന്നതിനും എല്ലാ രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുന്ന സുസ്ഥിര പരിഹാരങ്ങള്‍ കൈവരിക്കുന്നതിനുമുള്ള കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര സുരക്ഷയും സമാധാനവും മുന്നോട്ടുകൊണ്ടുപോകുന്നതില്‍ തന്ത്രപരമായ പങ്കാളിത്തം പ്രധാനമാണ്. ഇക്കാര്യത്തില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുന്നതിന് ഇത്തരം സമ്മേളനങ്ങൾ സഹായകമാണ്. വിദേശനയം, പ്രതിരോധം, സുരക്ഷ വെല്ലുവിളികള്‍ എന്നിവയെ അഭിസംബോധന ചെയ്യുന്ന അന്താരാഷ്ട്ര വേദിയായി കഴിഞ്ഞ 25 വര്‍ഷമായി ‘മനാമ ഡയലോഗ്’ മാറി. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും ഡയലോഗില്‍ പങ്കെടുക്കുന്നുണ്ട്. ആണവ വ്യാപനമുണ്ടാക്കുന്ന വെല്ലുവിളി അടക്കം ഉച്ചകോടിയിൽ ഏഴ് പ്ലീനറി സെഷനുകളുണ്ട്.