India

പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; പോകുന്നുവെന്ന് സുഹൃത്തുക്കൾക്ക് മെസേജ്;പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി

ഭഗൽപൂർ: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. ബിഹാറിലെ ഭഗൽപൂർ സ്വദേശിയായ സോമിൽ രാജ് (14) ആണ് മരിച്ചത്. പിതാവിന്റെ തോക്കുപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു. അർധവാർഷിക പരീക്ഷയിൽ മൂന്ന് വിഷയങ്ങൾക്ക് സോമിലിന് മാർക്ക് കുറഞ്ഞിരുന്നു.

ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുട്ടി ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നുവെന്ന് ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. ഇതിനു ശേഷമാണ് സ്വയം വെടിയുതിര്‍ക്കുന്നത്. മൂന്ന് വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക് നേടിയതാണ് കുട്ടിയെ മനോവിഷമത്തിലാക്കിയെന്നാണ് വീട്ടുകാര്‍ പറയുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും റിവോൾവറും വിദ്യാർത്ഥിയുടെ മൊബൈൽ ഫോണും പിടിച്ചെടുത്തതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടരന്വേഷണം പുരോഗമിക്കുകയാണെന്നും കഹൽഗാവ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദേവ് ഗുരു മാധ്യമപ്രവർത്തകരോട് പറഞ്ഞു.