കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ രണ്ട് ലക്ഷത്തിലേറെ തേയില, കാപ്പി തോട്ടം തൊഴിലാളികളുടെ കാഴ്ചാ പരിശോധനയ്ക്കും കണ്ണട വിതരണത്തിനുമായി വിഷന്‍ സ്പ്രിംഗ് ഫൗണ്ടേഷനും യുനൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന് ഓഫ് സതേണ്‍ ഇന്ത്യയും (യുപിഎഎസ്ഐ) കൈകോര്‍ക്കുന്നു. 2028ഓടെ ഈ സംസ്ഥാനങ്ങളിലെ തോട്ടം തൊഴിലാളികളുടെ കാഴ്ചാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് ലൈവ്ലിഹുഡ് ഇന്‍ ഫോക്കസ് എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്. തേയില, കൊക്കോ, കാപ്പി, തോട്ടം തൊഴിലാളികളുടേയും കൈപ്പണിക്കാരുടേയും കാഴ്ചാ പ്രശ്നങ്ങള്‍ പരിഹരിച്ച് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിനാണ് വിഷന്‍ സ്പ്രിംഗ് ഫൗണ്ടേഷന് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്.
തോട്ടം തൊഴിലാളികളുടെ ലയങ്ങളിലെത്തി കാഴ്ചാ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലൂടെ തൊഴിലാളികളുടെ കാഴ്ചാ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ഇത് ഇവരുടെ ജീവിതത്തില്‍ വളരെ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് വിഷന്‍ സ്പ്രിംഗ് ഫൗണ്ടേഷന് മാനേജിങ് ഡയറക്ടര്‍ അന്‍ഷു തനേജയും യുപിഎഎസ്ഐ സെക്രട്ടറി ജനറല്‍ സഞ്ജിത് നായരും അഭിപ്രായപ്പെട്ടു.