സഞ്ചാരികൾക്ക് കുളിരേകും കാഴ്ച വിസ്മയമൊരുക്കി കാറ്റുപാറ. കൊച്ചി– മധുര ദേശീയ പാതയിൽ ബോഡിമെട്ടിനു സമീപമുള്ള കാറ്റുപാറ സഞ്ചാരികൾക്ക് കുളിരേകും കാഴ്ചകളാണ് സമ്മാനിക്കുന്നത്. ദേശീയപാതയിൽ തമിഴ്നാട് തേനി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇവിടെ വലിയരീതിയിൽ കാറ്റ് വീശിയടിക്കുന്നത്.
ശരിക്കും പറഞ്ഞാൽ കാറ്റിന്റെ പറുദീസ എന്ന് തന്നെ ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയിറങ്ങി ഫോട്ടോയെടുക്കാൻ സമയം കണ്ടെത്തുന്നത്. ഇവിടം നിരവധി സിനിമകൾക്കും വേദിയായിട്ടുണ്ട്.
മൺസൂൺ കാലങ്ങളിൽ വീശുന്ന കനത്ത കാറ്റും ചിന്നി ചിതറി പെയ്യുന്ന മഴയും സഞ്ചാരികളുടെ മനസ്സ്നിറയ്ക്കും. അടർന്നുവീഴാറായപോലെയാണ് പാറയുള്ളത്. റോഡ് നവീകരണത്തിന്റെ ഭാഗമായി കുറച്ചുഭാഗം അടർന്നുപോയിട്ടുണ്ട്. കനത്ത കാറ്റുവീശുന്ന പ്രദേശ മായതിനാലാണ് കാറ്റുപാറ എന്ന് ഈ പ്രദേശത്തെ വിളിക്കുന്നത്. മഴക്കാലത്തും മഞ്ഞ് കാലത്തും കാറ്റുപാറ പകരുന്ന കുളിരൊന്ന് അനുഭവിക്കേണ്ടതാണ്.