സമസ്തയിൽ ലീഗ് അനുകൂല-വിരുദ്ധ ചേരികളുടെ പരസ്യ തർക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സമവായ ചർച്ചയ്ക്ക് സമസ്ത-ലീഗ് നേതൃത്വം മുൻകൈ എടുത്തത്.
സമസ്തയിലെ ലീഗ് വിരുദ്ധരെയും അനുകൂലികളെയും പങ്കെടുപ്പിച്ച് നടത്താനിരുന്ന ചർച്ച അനിശ്ചിതത്വത്തിൽ. സമസ്ത നേതൃത്വവും മുസ്‌ലിം ലീഗ് നേതൃത്വവും മുൻകൈ എടുത്ത് നടത്താനിരുന്ന സമവായ ചർച്ചയാണ് ലീഗ് വിരുദ്ധവിഭാഗം പങ്കെടുക്കില്ലെന്ന സൂചനയെ തുടർന്ന് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ചർച്ചയിൽ നിന്നും വിട്ടുനിൽക്കാൻ ലീഗ് വിരുദ്ധ വിഭാഗം ആലോചിക്കുന്നുവെന്നാണ് സൂചന. നേതൃത്വം ചർച്ച ചെയ്ത് തീരുമാനം എടുക്കട്ടെയെന്ന നിലപാടിലാണ് സമസ്തയിലെ ലീഗ് വിരുദ്ധ ചേരി. ചർച്ച പ്രഹസനമാണെന്നും ചർച്ചയിലേയ്ക്ക് ക്ഷണം ലഭിച്ചില്ലെന്നും സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന് പരാതിയുണ്ട്. ചർച്ചയിൽ പങ്കെടുക്കുമെന്നാണ് ലീഗ് അനുകൂല വിഭാഗത്തിൻ്റെ നിലപാട്.
ലീഗ് അനുകൂല വിരുദ്ധ ചേരികളുടെ തർക്കം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമസ്ത-ലീഗ് ചർച്ചയ്ക്ക് ധാരണയായത്. ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തിയാവും ചർച്ച നടത്താനായിരുന്നു തീരുമാനം. സുപ്രഭാതം, സിഐസി വിഷയങ്ങൾ യോഗത്തിൽ ചർച്ചയാവുമെന്നായിരുന്നു വിവരം. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം എന്നിവരുടെ പ്രസ്താവനകളും ചർച്ച ചെയ്തേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.