മുനമ്പം വിഷയത്തില്‍ മുസ്ലീം ലീഗ് നേതാക്കളുമായി തര്‍ക്കത്തിനില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. എല്ലാവരുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞത്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചാണ് തന്റെ അഭിപ്രായമെന്നും സംഘപരിവാര്‍ അജണ്ടയില്‍ വീഴരുതെന്നും സതീശന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാതിരിക്കനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ചെറിയ കാര്യങ്ങള്‍ പറഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. മുനമ്പം വിഷയത്തില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും ഒരുമിച്ച് ആലോചിച്ച് യുഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. തുടക്കം മുതല്‍ ഒരുമിച്ചാണ് ചര്‍ച്ച ചെയ്തത്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചാണ് ഞാന്‍ പറഞ്ഞത്. എല്ലാവരും പറഞ്ഞ് തര്‍ക്കിച്ച് അവസാനം ഈ പ്രശ്‌നം പരിഹരിക്കാന്‍ വഖഫ് ബില്‍ പാസായാലേ കഴിയൂ എന്ന സംഘപരിവാര്‍ അജണ്ടയില്‍ എത്തിക്കാനാണ് ശ്രമം. ആ അജണ്ടയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം
ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും ഒരേപോലെയാണ്. അവര്‍ തമ്മില്‍ സന്ധി ചെയ്യും. ഞാന്‍ ഒരു കത്ത് കൊടുത്തപ്പോഴാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉന്നതതലയോഗം വിളിച്ചത്. ഇതിന് പരിഹാരം ഉണ്ടാകാതെ പോകണമെന്നതാണ് സംഘ്പരിവാര്‍ നിലപാട്. അതിനനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രണ്ട് സുപ്രധാനമായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഞാന്‍ അഭിപ്രായം പറഞ്ഞത്. 2019ലാണ് വഖഫ് ഭൂമിയായി രജിസ്റ്റര്‍ ചെയ്തത്. പഠിക്കാതെയും കാര്യങ്ങള്‍ മനസിലാക്കാതെയുമാണ് ചിലര്‍ കാര്യങ്ങള്‍ പറയുന്നത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പണം നല്‍കിയ ഭൂമിയില്‍ 30 വര്‍ഷത്തിന് ശേഷം പുതിയ പ്രശ്‌നങ്ങളുമായി വരികയാണ്’ സതീശന്‍ പറഞ്ഞു.