എംഎം ലോറന്‍സിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിലെ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. ചര്‍ച്ച പരാജയമെന്ന് ഇരുപക്ഷവും സര്‍ക്കാരും ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ അറിയിച്ചു.
എംഎം ലോറന്‍സിൻ്റെ പെണ്മക്കളുടെ അപ്പീല്‍ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. എംഎം ലോറന്‍സിന്റെ പെണ്മക്കളായ ആശ ലോറന്‍സ്, സുജാത ബോബന് എന്നിവര്‍ നല്കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് എന്‍എന്‍ സുഗുണപാലനാണ് മധ്യസ്ഥന്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥനെ നിയോഗിച്ചത്.
വിഷയം മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും വിഷയത്തിന് സിവില്‍ സ്വഭാവമെന്നുമായിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കാനാവില്ലെന്നും മരിച്ചയാള്‍ക്ക് അല്പമെങ്കിലും ആദരവ് നല്‍കണമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.
മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കണമെന്നാണ് എംഎം ലോറന്‍സ് പ്രകടിപ്പിച്ച ആഗ്രഹമെന്നായിരുന്നു മകന് എംഎല് സജീവന് ഹൈക്കോടതിയെ അറിയിച്ചത്. അനാട്ടമി നിയമപ്രകാരം നടപടിക്രമങ്ങള്‍ പാലിച്ചാണ് മൃതദേഹം ഏറ്റെടുത്തത് എന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. എംഎം ലോറന്‍സിന്റെ മൃതദേഹം ഫോര്‍മാലിനില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എം എം ലോറന്‍സിന്റെ മരണത്തിന് പിന്നാലെയാണ് മതാചാര പ്രകാരം സംസ്കാരം വേണമെന്ന ആവശ്യവുമായി മകള്‍ ആശ രംഗത്തെത്തിയത്. പിന്നാലെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഉള്‍പ്പടെ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.